ബെംഗളൂരു: കര്‍ണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. തിങ്കളാഴ്ച സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 45-ാം യോഗത്തിലാണ് ഭാരതത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്. ബേലൂരിലെയും ഹാലേബീഡിലെയും സോമനാഥപുരത്തെയും ക്ഷേത്രങ്ങള്‍ 2022-23ല്‍ ഭാരതത്തിന്റെ ഔദ്യോഗിക നാമനിര്‍ദേശമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് യുനസ്‌കോയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. അതാണിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ ശില്പകലയുടെയും വാസ്തുവിദ്യയുടെയും മകുടോദാഹരണങ്ങളായ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ ബേലൂര്‍, ഹലേബിഡ്, സോമനാഥപുര മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. ഹൊയ്സാല ക്ഷേത്രം ലോകം പൈതൃകപട്ടികയില്‍ ഇടം ലഭിച്ചത് ഭാരതീയര്‍ക്കുള്ള ഗണേശ ചതുര്‍ത്ഥി സമ്മാനമായിട്ടാണ് വിലയിരുത്തുന്നത്.
🔴BREAKING!
Just inscribed on the @UNESCO #WorldHeritage List: Sacred Ensembles of the Hoysalas, #India 🇮🇳. Congratulations! 👏👏
➡️ https://t.co/69Xvi4BtYv #45WHC pic.twitter.com/Frc2IGlTkf
— UNESCO 🏛️ #Education #Sciences #Culture 🇺🇳 (@UNESCO) September 18, 2023
ഭാരതത്തില്‍ 42-ാമത്തെയും കര്‍ണാടകത്തിലെ നാലാമത്തെയുമാണ് ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ഹൊയ്സാല ക്ഷേത്രം. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും ചരിത്രപാരമ്പര്യത്തിനുമുള്ള അംഗീകരമായിട്ടാണ് ചരിത്രകാരന്മാര്‍ ഇതിനെ നോക്കിക്കാണുന്നത്. ഉദാത്തമായ ഹൊയ്സാല ശില്പകലയുടെയും സാംസ്‌കാരിക ഉന്നതിയുടെയും പ്രതീകങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. സംഹാരമൂര്‍ത്തിയായ ശിവഭഗവാന്റെ ക്ഷേത്രമായ ഹൊയ്സാലേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വിഷ്ണുവര്‍ധന മഹാരാജാവ് പണികഴിപ്പിച്ച ഈ ക്ഷേത്രം ഹൊയ്സാല രാജവംശത്തിന്റെ അകമഴിഞ്ഞ ഭക്തിക്കും ആത്മീയ പാരമ്പര്യത്തിനും നിദാനമാണ്.
ഹൊയ്സാല ക്ഷേത്രങ്ങളില്‍ രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയില്‍ നിന്നുമുള്ള കഥാസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് നിലവില്‍ ഹൊയ്സാല ക്ഷേത്രങ്ങള്‍. ഹൊയ്സാല ക്ഷേത്രങ്ങളുടെ ആഗോള പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സമ്പന്നമായ തനത് സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഭാരതം പുലര്‍ത്തുന്ന ജാഗ്രതയ്‌ക്കുള്ള ആദരവ് കൂടിയാവുകയാണ് യുനസ്‌കോയുടെ ഈ അംഗീകാരം. ദല്‍ഹി സുല്‍ത്താന്മാരുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് കാലാതിവര്‍ത്തിയായി ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്.
ഹൊയ്സാല ക്ഷേത്രങ്ങളെ യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹൊയ്സാല ക്ഷേത്രങ്ങളുടെ സൗന്ദര്യവും ആത്മീയ ചൈതന്യവും കാലാതിവര്‍ത്തിയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും നമ്മുടെ പൂര്‍വികരുടെ കരകൗശല വൈദഗ്ധ്യത്തിന്റെയും നേര്‍സാക്ഷ്യമാണ് ഹൊയ്സാല ക്ഷേത്രങ്ങളെന്നും മോദി എക്സില്‍ കുറിച്ചു. ഇത് ഭാരതത്തിന് സന്തോഷത്തിന്റെയും കര്‍ണാടകത്തിന്റെ അഭിമാനത്തിന്റെയും നിമിഷമാണെന്ന് ആര്‍ക്കിയോളജിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് കമ്മിഷണര്‍ എ. ദേവരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: