ന്യൂഡല്‍ഹി: കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നല്‍കിയിട്ട് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ച് വന്നത്. ഇതേ തുടര്‍ന്നാണ് 19 മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ തടവുകേന്ദ്രത്തിലേക്ക് മാറ്റിയത്. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ പിടിക്കപ്പെട്ട 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാര്‍ ആണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിടിയിലായ മുഴുവന്‍ മലയാളി നഴ്സുമാരും നിയമാനുസൃതമായാണ് ജോലി ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാവര്ക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പീന്‍സ്, ഇറാന്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുളളവരും അറസ്റ്റിലായവരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: