ഭോപാല്‍: തിരിച്ചടികള്‍ക്കിടയിലും ഭാരതത്തില്‍ ചീറ്റയെ പുനരവതരിപ്പിച്ച പദ്ധതി ശരിയായ പാതയിലാണെന്ന് നമീബിയ ആസ്ഥാനമായുള്ള ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്). ചീറ്റകള്‍ അവയുടെ പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ടുവെന്നും നിവലില്‍ പദ്ധതി വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്നും ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് സ്ഥാപകന്‍ ലോറി മാര്‍ക്കര്‍ പറഞ്ഞു. എന്നിരുന്നാലും ഇവയ്ക്ക് ഇനിയും എന്തെങ്കിലും നഷ്ടം സംഭവിക്കില്ലെന്ന് ഇതിനര്‍ത്ഥമില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളുണ്ടായാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചീറ്റകളെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുന്നതില്‍ ഭാരതത്തെ സഹായിച്ച സംഘടനയാണ് സിസിഎഫ്. സംഘടനയുടെ സ്ഥാപകയായ ലോറി മാര്‍ക്കര്‍ ഈ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
രാജ്യത്ത് ചീറ്റകള്‍ വംശനാശം സംഭവിച്ചതിന് ശേഷം അവയെ പുനരവതരിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ പ്രൊജക്റ്റ് ചീറ്റയ്ക്ക് ഇന്നലെ ഒരാണ്ട് തികഞ്ഞു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 17ന് നമീബിയയില്‍ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്ന് വിട്ടത്.
നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് എത്തിച്ചത്. ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം സപ്തംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. ഇവയില്‍ പ്രായപൂര്‍ത്തിയായ ആറ് ചീറ്റകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. മെയ് മാസത്തില്‍ ഒരു പെണ് നമീബിയന്‍ ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം കൊടും ചൂടിനെ തുടര്‍ന്ന് ചത്തു. ശേഷിക്കുന്ന പെണ്ചീറ്റകുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: