തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നോട്ടുനിരോധന കാലത്ത് വെളുപ്പിച്ചെടുത്ത 96 കോടി രൂപ എത്തിയത് സിപിഎം നേതൃത്വം വഴി. ഇപ്പോള്‍ ഇ ഡി പിടിയിലായ പി. സതീഷ്കുമാറും പി.പി. കിരണുമാണ് ഇടനിലക്കാരായത്. പണമേല്‍പ്പിച്ചത് സിപിഎം നേതൃത്വത്തിലെ ഉന്നതരാണെന്ന് സതീഷ്കുമാറും കിരണും സമ്മതിച്ചിട്ടുണ്ട്.
കിരണ്‍ റബ്കോയുടെ കളക്ഷന്‍ ഏജന്റായിരുന്നു. സിപിഎം നേതാക്കളുമായി ബന്ധമുണ്ടാക്കിയത് അങ്ങനെയാണ്. സതീഷ്കുമാറിന് ഇ.പി. ജയരാജന്, കെ.കെ. ശൈലജ, എ.സി. മൊയ്തീന് തുടങ്ങിയവരുമായി ഏറെ അടുത്ത ബന്ധമുണ്ടായിരുന്നതും ഇ ഡി നേരത്തേ അറിഞ്ഞിരുന്നു. കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ വഴിയാണ് ഈ പണം സതീഷ്കുമാറിന്റെ പക്കലെത്തിയതെന്നാണ് അറിവ്. നോട്ടു നിരോധിച്ചപ്പോള്‍ നിരവധി വ്യാജ അക്കൗണ്ടുകളിലായി 96 കോടിയിലേറെ രൂപ കരുവന്നൂര്‍ സഹ. ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. അക്കൗണ്ടുടമകളുടെ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെയായിരുന്നു ഇത്.
ഇതോടെ ബാങ്കിന്റെ ആസ്തി 300ല്‍ നിന്ന് 400 കോടിയായി. എന്നാല്‍, ആറു മാസത്തിനുളളില്‍ ഈ 96 കോടിയും പിന്‍വലിച്ചു. ബാങ്കിന്റെ ആസ്തി വീണ്ടും 300 കോടി. ഈ അക്കൗണ്ടുടമകള്‍ ആരെന്നതിന് ബാങ്കില്‍ വ്യക്തമായ രേഖകളില്ല. വായ്പത്തട്ടിപ്പു പുറത്തുവന്ന് ബാങ്ക് പ്രവര്‍ത്തനം നിലച്ച ആദ്യ ആഴ്ച തന്നെ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെന്ന വ്യാജേന ബാങ്കിലെത്തി രേഖകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇതില്‍ പാര്‍ട്ടി ആസ്ഥാനത്ത് ലോക്കറിലുള്ള പണവും വിദേശത്തു നിന്നെത്തിച്ചതുമുണ്ട്. ഗള്‍ഫില്‍ ബിസിനസ് ബന്ധങ്ങളുള്ള ഉന്നത നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ഇ ഡി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: