തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച തിരുവനന്തപുരത്തിന് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത് ഏറെ. ആര്‍എസ്എസിന്റെ ചുമതലയില്‍ തുടരുമ്പോള്‍ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വാര്‍ത്തെടുത്തത് ആയിരക്കണക്കിന് സ്വയംസേവകരെ. ഇതിലൂടെ തിരുവനന്തപുരത്തെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ ഇന്നത്ത നിലയിലേക്ക് എത്തിച്ചത് മുകുന്ദന്റെ ശിഷണത്തിന്റെ ഫലം. തലസ്ഥാനത്തെ നിരവധി പരിപാടികളില്‍ നിറ സാന്നിധ്യമായിരുന്നു പി.പി. മുകുന്ദന്. തിരുവനന്തപുരത്തിന്റെ എല്ലാ സ്ഥലങ്ങളും അദ്ദേഹത്തിന് പേരടുത്ത് പറയാന്‍ സാധിക്കുമായിരുന്നു.
കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള, പി.പി. മുകുന്ദന്, ഒ. രാജഗോപാല്‍ എന്നിവരുടെ കൂട്ടായ്മയില്‍ തലസ്ഥാനം സംഘപ്രവര്‍ത്തനങ്ങളില്‍ വടവൃക്ഷമായി വളരുകയായിരുന്നു. ചുക്കാന്‍ പിടിച്ചതാകട്ടെ മുകുന്ദനും. ഹൈന്ദവ പ്രസ്ഥാനങ്ങള്‍ നടത്തിയ വന്‍ സമ്മേളനങ്ങള്‍ക്ക് വേദിയാകുന്നത് തലസ്ഥാന നഗരിയിലായിരുന്നു. സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും അടുക്കും ചിട്ടയോടും കൂടിയുള്ള നടത്തിപ്പിന്റെ പിന്നിലെ മുകുന്ദന്റെ കരവിരുത്. ഇതില്‍ എടുത്ത പറയാവുന്നതാണ് പുത്തരിക്കണ്ടത്ത് നടന്ന ഹിന്ദുസംഗമം. ചവര്‍ കൂമ്പാരം നിറഞ്ഞതായിരുന്നു പുത്തരിക്കണ്ടം. പരിപാടി നടത്തുന്നതിനു വേണ്ടി രാത്രിയും പകലും ഇല്ലാതെ സ്വയം സേവകര്‍ ചവറുകള്‍ നീക്കം ചെയ്ത് നല്ലൊരു മൈതാനമാക്കി മാറ്റി. വാസ്തവത്തില്‍ പുത്തരിക്കണ്ടത്തിന് ശാപമോക്ഷം നല്‍കുകയായിരുന്നു പി.പി. മുകുന്ദന്.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മിത്രാനികേതനില്‍ നടന്ന അടിയന്തരാവസ്ഥയുടെ ചരിത്രപുസ്തക പ്രകാശനമായിരുന്നു മുതിര്‍ന്ന സംഘപ്രവര്‍ത്തകരോടൊപ്പം അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി. നിംസ് ആശുപത്രിയിലെ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ എത്തി പ്രവര്‍ത്തകരുമൊത്ത് 76-ാം പിറന്നാള്‍ ആഘോഷവും അദ്ദേഹം നടത്തിയിരുന്നു. പഴയകട ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ നടന്ന സംസ്ക്കാരിക സമ്മേളനമായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ സാംസ്കാരിക സമ്മേളനം. സമ്മേളനം ഉദ്ഘാടനം നടത്തിയതോടൊപ്പം ചാത്തിനമ്മ പുരസ്കാരവും അദ്ദേഹം സ്വീകരിച്ചിരുന്നു.
നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ ആദ്യം ചികിത്സയില്‍ പ്രവേശിച്ച് മടങ്ങുമ്പോള്‍ തന്റെ അസുഖം ഭേദമായത് മരുന്നുകളുടെ ശക്തി കൊണ്ട് മാത്രമല്ല കാലങ്ങളായി താന്‍ കാണാതിരുന്ന പ്രവര്‍ത്തകര്‍ തന്നെ കാണാനെത്തി സ്നേഹാദരം പങ്ക് വച്ചതിന്റെ ശക്തികൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടാമത് ചികിത്സയില്‍ ആയപ്പോഴും നിരവധിപേര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എല്ലാപേരെയും കൈ വീശി കാണിക്കാനേ അദ്ദേഹത്തിന് അപ്പോള്‍ സാധിച്ചിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: