തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടക്കുക. രണ്ട് മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാ കാര്യവും എല്ലാവര്ക്കും അറിയാമെന്നുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇതിനോട് പ്രതികരിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനവും ചര്‍ച്ച ചെയ്തതാണ്. എങ്കിലും ഇങ്ങനെയൊരു നോട്ടീസ് വന്ന സ്ഥിതിക്ക് വിശദമായ ചര്‍ച്ച ചെയ്യാമെന്നും ധനമന്ത്രി അറിയിച്ചു.
വിഷയത്തില്‍ മുമ്പ് നടന്ന ചര്‍ച്ചകളിലും കേന്ദ്ര സര്‍ക്കാരിനെ പഴിചാരുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. വായ്പാ പരിധി വലിയ രീതിയില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്തണമെന്ന് ആവര്‍ത്തിച്ച് നിവേദനങ്ങള്‍ നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഈ ഘട്ടത്തിലാണ് വിശദമായ ചര്‍ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: