തൃശൂര്‍: പാഴ്മരവും ചിരട്ടയും ഉപയോഗിച്ച് ശില്പങ്ങള് നിര്‍മ്മിച്ച് തന്റെ വീടൊരു മ്യൂസിയത്തിന് സമാനമാക്കിയിരിക്കുകയാണ് 82 കാരനായ സുഗതന്. ഇദ്ദേഹത്തിന്റെ വീട് നിറയെ പാഴ്വസ്തുക്കള് ഉപയോഗിച്ചുള്ള മനോഹര ശില്പങ്ങള് കാണാം.
നിര്‍മ്മിച്ചവ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി വീടിന്റെ പൂമുഖവും, തളവും, കിടപ്പുമുറികളുമെല്ലാം മാറി. രാജ്യരക്ഷാ വകുപ്പിന്റെ കീഴില്‍ പടക്കോപ്പ് നിര്‍മ്മിക്കാനുള്ള കോര്ഡയിറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനിയിലെ സയന്റിഫിക് അസിസ്റ്റന്റായിരുന്ന വെളുത്തൂര്‍ സ്വദേശി വെച്ചൂര്‍ സുഗതന്റെ വീടാണിത്. ഒരു മ്യൂസിയത്തെ വെല്ലുന്ന കാഴ്ച്ചകളാണ് ഇവിടെ.
ചിരട്ട, ചകിരി, പാഴ്മരത്തിന്റെ ശാഖകള്‍ എന്നിവയാണ് സുഗതന്റെ കരവിരുതല്‍ ജീവന് തുടിക്കുന്ന ശില്പങ്ങളായി പരിണമിക്കുന്നത്. ആയിരത്തിലധികം ചിരട്ട ശില്പങ്ങള് ഇവിടെ കാണാം. ഇതിനായി അമ്പതിനായിരത്തിലധികം ചിരട്ടകള്‍ ഉപയോഗിച്ചു. ശിവന്, വിഷ്ണു, ഗണപതി തുടങ്ങി ഒട്ടുമിക്ക ഭഗവത് രൂപങ്ങളും സുഗതന് സൃഷ്ടിച്ചു.
അടുക്കള ഉപകരണങ്ങള്‍, പ്രകൃതി, ഫാന്‍സി പാത്രങ്ങള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. നിര്‍മ്മിച്ച ഓരോ ശില്പത്തെയും കുറിച്ചുള്ള കുറിപ്പുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊച്ചുമകന് കളിക്കാനായി സുഗതന് ചിരട്ടയില്‍ നിര്‍മ്മിച്ചു കൊടുത്ത 20 ദിനോസറുകളും ഇവിടെ കൂട്ടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1963 ല്‍ ഊട്ടിയില്‍ ജോലി ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നും കൊണ്ടുപോയ മരവും കൊതുമ്പും ഉപയോഗിച്ച് പായ്ക്കപ്പല്‍ നിര്‍മ്മിച്ചായിരുന്നു തുടക്കം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തന്റെ വിശ്രമ ജീവിത കാലവും കലാമൂല്യമുള്ള ശില്പങ്ങള് നിര്‍മ്മിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് സുഗതന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: