അല്‍പ്പം നേരത്തയാണ് ഉണര്‍ന്നെഴുന്നേറ്റത്. തിടുക്കത്തില്‍ അടുക്കളിയിലേക്ക് നീങ്ങുമ്പോള്‍ സെല്‍ഫോണും കൂടെയെടുത്തു. അത് പതിവുള്ളതല്ല, എവിടെയെങ്കിലും വലിച്ചിട്ടേക്കലാണ്.
ഓരോ ജോലിക്കിടയിലും മൊബൈല്‍ ശബ്ദത്തിന്നായി കാതോര്‍ക്കും. നിശ്ചലമായിക്കിടക്കുന്ന ഫോണിന്റെ മുഖം തെളിയുന്നുണ്ടോയെന്ന് നോക്കും, പിന്നെ ക്ലോക്കിലേക്കും.
ഉച്ചയോടടുത്തപ്പോള്‍ ഫോണ്‍ ഒച്ചവെച്ചു. ആവേശത്തോടെ കൈയിലെടുത്തു.
”ഓ… നിങ്ങളാണോ?”
”സുമീ…… ഞാന്‍ ഉച്ചക്ക് വരുന്നുണ്ട്. ഇന്നെങ്കിലും ഉച്ചയൂണ് ഒരുമിച്ചാക്കേണ്ടെ”
”ശരി” പ്രത്യേക ഭാവവ്യത്യാസങ്ങളില്ലാതെ അവള്‍ ഫോണ്‍ വെച്ചു.
തുറന്നിട്ട മുന്‍വാതില്‍ കടന്ന്് ബാബുരാജ് വിളിച്ചു.
”സുമീ… ഞാനെത്തി.”
മറ്റാരെങ്കിലും കൂടെയുണ്ടോയെന്നറിയാന്‍ സുമിത്ര ഗെയിറ്റിലേക്ക് കണ്ണുപായിച്ചു.
”ആരും വിളിച്ചില്ലേ?” അയാള്‍ അവളുടെ മുഖം വായിക്കാന്‍ ശ്രമിച്ചു.
”മക്കളാരും…?’
അവളുടെ മുഖം മങ്ങി.
‘പേരമക്കളോ…?”
ബാബുരാജന്‍ സുമിത്രയുടെ നനഞ്ഞ കണ്ണിന്റെ ആഴം അളക്കാന്‍ ശ്രമിച്ചു.
”സാരമില്ലെടോ. അവരൊക്കെ പല പല തിരക്കിലുമായിരിക്കും.” അയാള്‍ അവളുടെ തോളില്‍ തട്ടി.
”ഇതെന്താ യൂണിഫോം മുഴുവന്‍ പൊടിയാണല്ലൊ…” സുമിത്ര വിഷയം മാറ്റി.
”ആ… ഇന്ന് ഹാളില്‍ വമ്പനൊരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടായിരുന്നു. ഒരുപാട് കാറുകള്‍. ഒക്കെയൊന്ന് ഒതുക്കിയിട്ടുകിട്ടാന്‍ കുറെ മിനക്കെട്ടു.”
”ഇതാ. ഞാനവിടുന്ന് കുറച്ച് പായസവും അവിയലും സംഘടിപ്പിച്ചു. രണ്ടും നിനക്ക് ജീവനാണല്ലൊ. നീ ഭക്ഷണം എടുത്തു വെച്ചോ. ഞാനൊന്ന് കുളിച്ചു വരാം.” പറഞ്ഞു നിര്‍ത്തി ബാബുരാജന്‍ മറ്റൊരു പൊതിയെടുത്തു നീട്ടി.
”ഇത് ഇന്നത്തെ ദിവസം പതിവുള്ളത്. ഇത്തവണ മുണ്ടും വേഷ്ടിയുമാകട്ടെയെന്നു കരുതി. നിനക്കിപ്പോള്‍ നന്നായി ചേരും.”
അവള്‍ അയാളുടെ വിയര്‍പ്പു വറ്റാത്ത കൈയില്‍ സ്‌നേഹവായ്‌പ്പോടെ നുള്ളി നോവിച്ചു. കണ്ണില്‍ നിന്നും അടര്‍ന്നു വീണ തുള്ളികള്‍ ബാബുരാജിന്റെ കൈത്തണ്ടയില്‍ ഉമ്മവെച്ച് ഉരുണ്ടുപോയി.
അയാളുടെ നരകേറിയ കട്ടിമീശക്കു കീഴെ വരണ്ട ചുണ്ടുകള്‍ മന്ത്രിച്ചതെന്തെന്ന് അവള്‍ ഊഹിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: