പാലക്കാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളില്‍പ്പെടുന്ന പാതായ്‌ക്കര വാസുദേവന്‍ മാസ്റ്റര്‍ അന്തരിച്ച് രണ്ടുമാസത്തോളമായി. കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ സ്‌നേഹാദരങ്ങളോട് കരുതിവന്ന അദ്ദേഹത്തിന്റെ വേര്‍പാട്, അദ്ദേഹവുമായി പരിചയവും അടുപ്പവുമുണ്ടായിരുന്ന എല്ലാവരുടെയും മനസ്സില്‍ ദുഃഖമുണ്ടാക്കിയിരിക്കും. പറളിക്കടുത്ത് എടത്തറയില്‍ തന്റെ തറവാട്ടു വക ‘പാതായ്‌ക്കരക്കള’ത്തിലായിരുന്നു മാസ്റ്റര്‍ വസതിയൊരുക്കിയത്. ശ്രീഗുരുജിയ്‌ക്കു 1965 ല്‍ ആയുര്‍വേദ ചികിത്സ വേണ്ടിവന്നപ്പോള്‍ അവിടെയായിരുന്നു താമസിച്ചത്. അതിഥിയായിട്ടില്ല, തറവാട്ടിലെ കാരണവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിക്കൊടുത്ത മനസ്ഥിതിയോടെയായിരുന്നു വാസുദേവന്‍ മാസ്റ്റര്‍ അതിനു തയ്യാറായത്. ജന്മഭൂമിയില്‍ അദ്ദേഹത്തിന്റെ അനുസ്മരണം എഴുതിയ നമ്പീശന്‍ അക്കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
വാസുദേവന്‍ മാസ്റ്റര്‍ സംഘശിക്ഷാവര്‍ഗില്‍ രണ്ടുകൊല്ലത്തെ പരിശീലനത്തിനു വന്നപ്പോഴും ഞാന്‍ ശിക്ഷകനായിരുന്ന ഗണത്തിലായിരുന്നു. ശാരീരികത്തില്‍ അദ്ദേഹം വളരെ വിഷമിച്ചാണ് പങ്കെടുത്തത്. ശിക്ഷകന്മാര്‍ അദ്ദേഹത്തെ ആദരപൂര്‍വം പരിഗണിക്കുകയും ചെയ്തു. അതേസമയം ബൗദ്ധികരംഗത്ത് മാസ്റ്ററുടെ പ്രതിഭ, സീമാതീതമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും അഗാധമായ ജ്ഞാനം സമ്പാദിച്ചിരുന്നു. എന്തുസംശയവും അദ്ദേഹം തീര്‍ത്തുതരുമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ പാതായ്‌ക്കര മനയിലെ കാരണവരായ ‘തുപ്രന്‍ പ്രമത്തന്‍’ നമ്പൂതിരിപ്പാടായിരുന്നു. പാതായ്‌ക്കര മനയ്‌ക്ക് വള്ളുവനാട് രാജകുടുംബത്തിന്റെ ഗുരുസ്ഥാനമുണ്ടായിരുന്നത്രേ. സുബ്രഹ്മണ്യന്‍ ബ്രഹ്മദത്തന്‍ ലോപിച്ചതാണ് ‘തുപ്രന്‍ പ്രമത്തന്‍’.
മാതൃഭൂമിയുടെ കാര്‍ഷിക പംക്തിയില്‍ വിവിധ കൃഷികളെക്കുറിച്ചു വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ അദ്ദേഹം പതിവായി എഴുതിയിരുന്നു. അതിലാണ് തുപ്രന്‍ പ്രമത്തന്‍ എന്ന വിചിത്രമായി പേര്‍ വായിച്ചത്. എന്താണ് അതിനര്‍ത്ഥം എന്ന് അക്കാലത്ത് എനിക്കെത്തും പിടിയും കിട്ടിയില്ല. പിന്നീട് ഭാരതീയജനസംഘത്തിന്റെ ചുമതല നല്‍കപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കെ.സി.ശങ്കരേട്ടന്റെ രസകരമായ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. കമ്യൂണിസത്തിന്റെ ചരിത്രം, മാര്‍ക്‌സിന്റെ കാലം തൊട്ട് സരസമായി വിശദീകരിച്ച ആ വാക്‌ധോരണിയില്‍പ്പെട്ടവര്‍. അന്തംവിട്ട് ഇരുന്നു പോകുമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റുകളില്‍ ഒന്നാം സ്ഥാനക്കാരന്‍ ഇഎംഎസ് ആയിരുന്നല്ലൊ. വള്ളുവകോനാതിരി രാജാവിന് അരിയിട്ട് വാഴ്ച നടത്താനുള്ള അധികാരം, ഇഎംഎസ് അംഗമായിരുന്ന ഏലംകുളം മനയിലെ മൂസാമ്പൂരിക്കായിരുന്നുവത്രേ. അദ്ദേഹത്തിന്റെ സ്ഥാനപ്പേര് ‘ചൂരന്‍ പ്രമത്തന്‍’ എന്നായിരുന്നു. ഒരുവശത്ത് കമ്യൂണിസം പ്രസംഗിച്ചു നടക്കുന്ന ഇഎംഎസ് ചൂരന്‍ പ്രമത്തനായി അരിയിട്ടു വാഴ്ചയുമായിക്കഴിയുന്ന കമ്യൂണിസ്റ്റ് കാപട്യത്തെ ശങ്കരേട്ടന്‍ പരിഹസിച്ചുവന്നു. സൂര്യന്‍ ബ്രഹ്മദത്തനാണ് ചൂരന്‍ പ്രമത്തനായത് എന്ന് ശങ്കരേട്ടനില്‍നിന്ന് ഞാന്‍ മനസ്സിലാക്കി. പാതായ്‌ക്കരയുടെ കാര്‍ഷിക പംക്തി ലേഖനങ്ങള്‍ വായിച്ചപ്പോള്‍ പിന്നീട് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിക്കുകയായിരുന്നു.
പഴയ മലബാറില്‍ ആധുനിക കൃഷി രീതികളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ ആളായിരുന്നു അദ്ദേഹം. വളരെ വിശാലമായ റബര്‍ കൃഷി അദ്ദേഹം ആരംഭിച്ചു. പാതായ്‌ക്കര മന വളരെ പുരാതനവും പ്രസിദ്ധവുമാണ്. ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി അവരുടെ കായികശക്തിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിന്റെ ചുരുക്കമിങ്ങനെയാണ്: പാതായ്‌ക്കരയില്‍ ജ്യേഷ്ഠാനുജന്മാരായ രണ്ടുപേര്‍ അതിശക്തരായുണ്ടായിരുന്നു. അവര്‍ക്കു ഭക്ഷണത്തിനു രണ്ടുനേരവും ഓരോ പന്തിരുനാഴി അരിയും പന്ത്രണ്ടു തേങ്ങയും വീതം വേണം; ജ്യേഷ്ഠന്റെ അന്തര്‍ജനത്തിന് മുന്നാഴി അരിയും. അരി വേവിച്ച് തനിക്കുള്ള മുന്നാഴിച്ചോറു മാറ്റിവച്ചശേഷം അന്തര്‍ജനം, രണ്ടുപേര്‍ക്കും പപ്പാതി വിളമ്പി വെയ്‌ക്കുകയും പന്ത്രണ്ട് തേങ്ങാ വീതവും നീക്കിവയ്‌ക്കുകയും ചെയ്തുവന്നു. നമ്പൂതിരിമാര്‍ വന്നിരുന്നിരുന്ന് ഓരോ തേങ്ങാ ഇടതുകയ്യിലെടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. അന്തര്‍ജനത്തിന് ഒരു തേങ്ങയേ വേണ്ടൂ. ഒരിക്കല്‍ അവര്‍ ഒരിടുങ്ങിയ വഴിയിലൂടെ നടക്കുമ്പോള്‍ എതിരെ വലിയ ഒരാന വന്നു. ശീവേലി കഴിഞ്ഞ് തളയ്‌ക്കാന്‍ കൊണ്ടുപോകുകയായിരുന്നു. അനുജന്‍ നമ്പൂതിരി പിന്നിലൂടെയും വരുന്നുണ്ടായിരുന്നു. പാതായ്‌ക്കര നമ്പൂതിരിമാര്‍ ആര്‍ക്കും വഴിമാറിക്കൊടുക്കുകയില്ല. ജ്യേഷ്ഠന്‍ ആനയുടെ മസ്തകത്തില്‍ കൈകൊണ്ട് പിന്നിലേക്കു തള്ളി. ആന പിന്നിലേക്കു പോയപ്പോള്‍ അനുജന്‍ മുന്നിലേക്കും തള്ളി ”മുന്നോട്ടു പോ”എന്നു പറഞ്ഞു. ആന മുന്നോട്ടു പോകുന്നില്ല. ”അപ്പുറത്ത്അനുജനുണ്ടോ” എന്നു മൂസ്സാമ്പൂരി ചോദിച്ചു. ”ഇണ്ട്” എന്ന മറുപടി കിട്ടിയപ്പോള്‍, രണ്ടുപേരും ഇരുപുറത്തുനിന്നു തള്ളിപ്പിടിച്ചു ആനയെ പൊക്കി കയ്യാലയ്‌ക്കപ്പുറത്തേക്കു മറിച്ചിട്ടു യാത്ര തുടര്‍ന്നു.
ചെറുപ്പത്തില്‍ത്തന്നെ ഐതിഹ്യമാല വായിച്ചിരുന്നതിനാല്‍ മനസ്സില്‍ രൂപംകൊണ്ടിരുന്നതില്‍ നിന്നു തികച്ചും വ്യത്യസ്തമായി മെലിഞ്ഞു ശോഷിച്ച സ്വരൂപമായിട്ടാണ് വാസുദേവന്‍ മാസ്റ്റര്‍ കൈകണ്ടത്. ശാരീരികില്‍ അദ്ദേഹമുള്‍പ്പെട്ട ഗണയിലെ ശിക്ഷകനായിരുന്നപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു. അത് ആസ്വദിക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ സദാശിവന്‍ എന്ന സ്വയംസേവകനും വാസുദേവന്‍ മാസ്റ്ററുമായിരുന്നു ശാരീരികില്‍ പിന്നോക്കമായിരുന്നത്. സഞ്ചലനത്തില്‍ ഒരിക്കലും അവരുടെ കാലുകള്‍ ഒരുമിച്ചുവന്നിരുന്നില്ല. അടുത്തവര്‍ഷവും രണ്ടുപേരും ദ്വിതീയവര്‍ഷ ശിക്ഷണത്തിനു വന്നു. വാസുദേവന്‍ മാസ്റ്റര്‍ ബൗദ്ധികരംഗത്ത് ശിക്ഷകന്മാരെയും അതിശയിപ്പിക്കുന്ന തലം നേടിയിരുന്നു. ഞാന്‍ ശാരീരികിന്റെ ചുമതലയ്‌ക്കു പകരം ബൗദ്ധിക വിഭാഗത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി ഒരു സായാഹ്നത്തില്‍ മാസ്റ്റര്‍ ഗണയില്‍നിന്നു മാറിനില്‍ക്കുന്നതു കാണാനിടയായി. സമീപത്തു ചെന്ന് ശാരീരിക് എങ്ങനെ മാഷേ? എന്ന കുശലം ചോദിച്ചപ്പോള്‍ ”സദാശിവനുള്ളതുകൊണ്ട് തീരെ ലാസ്റ്റ് ആവണില്ല്യ” എന്നായിരുന്നു മറുപടി.
വ്യാസ വിദ്യാപീഠത്തില്‍ ഡോ. മുരളീമനോഹര്‍ ജോഷിയുടെ ഒരു പരിപാടിക്കു പോയി. എന്നെ അടുത്തു വിളിച്ചിരുത്തിയാണ് മാസ്റ്റര്‍ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചത്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയുള്ള ജോഷിജിയുടെ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും വളരെ ഗഹനമായി പഠിച്ചാകൃഷ്ടനായിരുന്നു മാസ്റ്റര്‍.
വള്ളുവനാട് വിദ്യാപീഠത്തില്‍ നടന്ന ഒരു സംഘശിക്ഷാവര്‍ഗില്‍ പോയപ്പോള്‍ അവിടെ മാസ്റ്ററുണ്ടായിരുന്നു. വേണുവേട്ടനും വന്നു. പാതായ്‌ക്കര പ്രദേശങ്ങള്‍ ഏതാണ്ടു ഹിന്ദുക്കള്‍ മാത്രമുള്ള സ്ഥലമായിരുന്നു. എന്നാല്‍ സമീപകാലത്തായി അവിടെ മുസ്ലിങ്ങള്‍ വന്നു കുടിയേറിത്തുടങ്ങി. വിദേശത്ത് ജോലി ചെയ്ത് ധാരാളം ധനം സമ്പാദിച്ചു വരുന്ന അവര്‍ താമസിയാതെ അവിടം ഏറെനാട്ടിലെ പോലെയാക്കുമെന്നായിരുന്നു മാസ്റ്ററുടെ ആശങ്ക.
പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ ക്രിസ്തുമതം സ്വീകരിച്ച്, അതിപ്രശസ്തനായ ഒരു ഡോക്ടറെ വിവാഹം കഴിച്ച തന്റെ ഒരു സഹോദരിയുടെ മക്കളെപ്പറ്റിയും മാസ്റ്റര്‍ പറഞ്ഞു. കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ തങ്ങളുടെ പൂര്‍വികര്‍ മലബാറിലെ അതിപ്രശസ്തമായ കുടുംബത്തിലെ ആണെന്നും, ബന്ധുക്കളെല്ലാം വലിയ പാരമ്പര്യത്തിന്നുടമകളാണെന്നും അവര്‍ മനസ്സിലാക്കി. നാട്ടിലെത്തുകയും, അവരെ സന്ദര്‍ശിച്ച് ആ സംസ്‌കാരമുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുവെന്നും മാസ്റ്റര്‍ പറഞ്ഞു. അവര്‍ സംസ്‌കൃതം പഠിക്കുന്നു വിദേശത്തെ ഹൈന്ദവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന കൂടി അദ്ദേഹം പറഞ്ഞു. സന്തോഷവും പ്രത്യാശയും പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആവിഷ്‌കരണം.
തികച്ചും അസാധാരണമായ വ്യക്തിത്വമായിരുന്നു വാസുദേവന്‍ മാസ്റ്ററുടേത്. വിജയനഗര സാമ്രാജ്യം തളിക്കോട്ടു യുദ്ധത്തില്‍ നാമാവശേഷമായപ്പോള്‍, അവിടത്തെ വിദ്യാപീഠത്തിലെ വന്‍ഗ്രന്ഥശേഖരവുമായി ആചാര്യന്മാര്‍ പലായനം ചെയ്തു. അതില്‍ ഒരു സംഘം ഭാരതപ്പുഴയുടെ തീരത്തെ കൂടലൂര്‍ മനയിലെ വിദ്യാപീഠത്തിലാണു വന്നതെന്നും, ആ ഭാഗത്തിന്റെ സാസ്‌കാരിക സമൃദ്ധിയുടെ ഒരു കാരണം അതാണെന്നു മാസ്റ്റര്‍ വിവരിച്ചു തന്നു. അദ്ദേഹത്തോടൊപ്പം കഴിയുന്ന ഓരോ നിമിഷവും ഒരു വിദ്യാഭ്യാസാവസരമായിരുന്നു. അതിനിയില്ലല്ലോ എന്ന നഷ്ടബോധം എന്നും മനസ്സിനെ മഥിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: