ന്യൂദല്‍ഹി: ജി 20 ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് റഷ്യയും യുഎസും.യുക്രൈന് യുദ്ധത്തിന് റഷ്യയെ നേരിട്ട് വിമര്‍ശിക്കാതെയാണ്
സമവായം ഉണ്ടാക്കിയത്.
സംയുക്ത പ്രസ്താവനയില്‍, യുദ്ധത്തില്‍ റഷ്യയെ അപലപിക്കുന്നത് ഒഴിവാക്കി. എന്നാല്‍ സംഘര്‍ഷം സൃഷ്ടിച്ച മനുഷ്യ ദുരിതങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ബലം പ്രയോഗിച്ച് മറ്റ് രാജ്യങ്ങളുടെ പ്രദേശം പിടിച്ചെടുക്കരുതെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
എല്ലാം സന്തുലിതമായ രൂപത്തില്‍ പ്രതിഫലിച്ചെന്ന് റഷ്യന്‍ ജി20 ഷെര്‍പ്പ സ്വെറ്റ്ലാന ലുകാഷ് പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ഇന്റര്‍ഫാക്സ് ഉദ്ധരിച്ചു.ലോകസമാധാനത്തിന്റെയും സുരക്ഷയുടെയും സംഘര്‍ഷ പരിഹാരത്തിന്റെയും കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ജി 20 ലെ എല്ലാ അംഗങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതര രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡത, പരമാധികാരം അല്ലെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ ലംഘിക്കുന്നതിനോ പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനോ രാജ്യങ്ങള്‍ക്ക് ബലം പ്രയോഗിക്കാന്‍ അധികാരമില്ലെന്ന നിലപാട് വളരെ നല്ലതാണെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ജര്‍മ്മനിയും ബ്രിട്ടനും പ്രമേയത്തെ പ്രശംസിച്ചുവെങ്കിലും ‘അഭിമാനിക്കാനൊന്നുമില്ല’ എന്നാണ് യുക്രൈന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: