കൊച്ചി: കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമരത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ നടത്തിയ സമ്മേളനമാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. ‘മഠങ്ങളുടെ മതില്ക്കെട്ടുകളില് കന്യാസ്ത്രീകള്‍ കൊടിയ ദുരിതമാണനുഭവിക്കുന്നത്. പെണ്‍കുട്ടികളെ മഠത്തിലേക്ക് സ്വീകരിക്കുമ്പോള്‍ കാണിക്കുന്ന സ്നേഹവും രീതികളുമല്ല അവര്‍ ചേര്‍ന്ന് കഴിയുമ്പോള്‍ മഠാധികൃതരില് നിന്ന് ഉണ്ടാകുന്നത്.
ഞാന്‍ ഇന്നും സുഖകരമായല്ല ജീവിക്കുന്നത്. കൊടിയ അവഗണനയാണ് നേരിടുന്നത്. ‘മുഖ്യപ്രഭാഷണം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കാന്‍ വരെ നിയമമുള്ളപ്പോള്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീ
ഡനങ്ങള്ക്കെതിരെ നിയമത്തിന്റെ സംരക്ഷണ വലയമില്ല. കന്യാസ്ത്രീകള്‍ക്ക് നിയമത്തിന്റെ ശക്തമായ വലയം ആവശ്യമാണെന്നും നിയമനിര്‍മാണം അനിവാര്യമാണെന്നും അധികാരവര്‍ഗം ഒത്താശ ചെയ്യുന്നതാണ് ഫ്രാങ്കോ മുളയ്ക്കല്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
കുറ്റവാളിയെ സംരക്ഷിക്കുന്ന സഭാനേതൃത്വത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ സംഭവത്തെ സൂചിപ്പിച്ച് ഡോ. എല്‍സമ്മ ജോസഫ് പറഞ്ഞു. നേതൃസ്ഥാനത്തിരിക്കുന്നവര്‍ ജീവിതം ആഘോഷിക്കുകയാണ്. എന്നാല്‍ മഠത്തിന്റെ മതില്കെട്ടുകളില് സന്തോഷത്തിന്റെ നിമിഷങ്ങള്‍ കുറവാണ്. അവര്‍ അഭിപ്രായപ്പെട്ടു.
ഫ്രാങ്കോ മുളയ്ക്കലിന് ശിക്ഷ ലഭിക്കുമെന്നു പത്ത് ശതമാനം മാത്രമേ വിശ്വാസമുള്ളുവെന്ന് പ്രൊഫ. ഫിലോമിന ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വക്കറ്റുമാര്‍ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ധാര്‍മികത കാണിക്കുന്നില്ലെന്നും പ്രതിയുടെ കൂടെ നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഫെലിക്സ് ജെ. പുല്ലൂടന്‍, പ്രൊഫ. കെ.പി. ശങ്കരന് എന്നിവരും പ്രസംഗിച്ചു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് ഫ്രാങ്കോയുടെ അറസ്റ്റ് വരെ നിരാഹാരസമരം നടത്തിയ അഡ്വ. ജോസ് ജോസഫ്, സ്റ്റീഫന്‍ മാത്യു എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: