ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാനുള്ള ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ ആഹ്വാനം ഐഎന്‍ഡിഐഎയിലെ ഭിന്നത രൂക്ഷമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും പിന്നാലെ ശിവസേനയും ഇടഞ്ഞു.
ഉദയനിധിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ശിവസേനാ നേതാവും ഉദ്ധവ് താക്കറെയുടെ വലംകൈയുമായ സഞ്ജയ് റാവത്ത്, മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി.
ആരും പിന്തുണയ്ക്കാത്തതാണിത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെയുടെ വീക്ഷണമോ കാഴ്ചപ്പാടോ ആകാമിത്. എന്നാല്‍ ഇത് എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. 90 കോടി ഹിന്ദുക്കളാണ് രാജ്യത്തുള്ളത്. മറ്റു വ്യത്യസ്ത മതവിഭാഗങ്ങളും ഇന്ത്യയില്‍ ഒത്തൊരുമയോടെ സഹവസിക്കുന്നു.
രാജ്യത്തെ എല്ലാ ഹൈന്ദവരുടെയും മതവികാരങ്ങളെയാണ് ഉദയനിധി സ്റ്റാലിന് വ്രണപ്പെടുത്തിയത്. വലിയ തെറ്റാണ് അദ്ദേഹം ചെയ്തത്, സഞ്ജയ് റാവത്ത് തുടര്‍ന്നു. രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടംതട്ടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കോണ്‍ഗ്രസിലും ഇതേച്ചൊല്ലിയുള്ള ഭിന്നത അതിശക്തമാണ്.
ഉദയനിധിയുടെ പ്രസ്താവനയെ കാര്‍ത്തി ചിദംബരം പിന്തുണച്ചെങ്കിലും തമിഴ്നാട്ടിലെയും മറ്റും പ്രധാന നേതാക്കളാരും പിന്തുണച്ചിട്ടില്ല. ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുവിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ഉദയനിധിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു വിനയായെന്ന് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നു.
തമിഴക രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടാന്‍ ഡിഎംകെ അഴിച്ചുവിട്ടതാണ് വിവാദമെങ്കിലും ബിജെപിയും ഇതര ഹിന്ദുസംഘടനകളും ശക്തമായി രംഗത്തിറങ്ങിയതോടെ അവിടെപ്പോലും ഡിഎംകെയ്ക്ക് അടിതെറ്റി. തമിഴകത്തു മാത്രമുള്ള ഡിഎംകെയ്ക്ക് എന്തെങ്കിലും പറഞ്ഞുനില്‍ക്കാം. പക്ഷേ രാജ്യത്താകെ ഇത് തിരിച്ചടിയായിരിക്കുന്നത് കോണ്‍ഗ്രസിനാണ്.
ഹിന്ദുവിരുദ്ധരാണ് കോണ്ഗ്രസിനൊപ്പമുള്ളതെന്ന് ജനങ്ങള്‍ അറിയുന്നത് കോണ്‍ഗ്രസിനുതന്നെയാണ് വിനയാകുന്നതും. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമിരിക്കേ ഉദയനിധിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം നീളുകയാണ്. വരുംദിവസങ്ങളില്‍ ഇതിന്റെ വീഡിയോ രാജ്യത്തൊട്ടാകെ പരക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: