ന്യൂദല്‍ഹി: ഇന്ത്യയെയും മോദി ഭരണത്തെയും തകര്‍ക്കുന്നത് ലക്ഷ്യമാക്കിയ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന കൂട്ടായ്മ അദാനിയ്ക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് പിന്നിലെ പ്രധാന മലയാളിയായ രവി നായര്‍ . പാലക്കാട് സ്വദേശിയായ രവി നായര്‍ മോദി വിരുദ്ധ മാധ്യമമായ ദി വൈര്‍ മാസികയിലെ ലേഖകനും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമാണ്.
13 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഒസിസിആര്‍പി എന്ന ഇന്ത്യയ്ക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെ കൂട്ടായ്മ അദാനിയ്ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് രവി നായര്‍ പറയുന്നു. എന്നാല്‍ 2023 ജനവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഒട്ടേറെ ആരോപണങ്ങളുമായി പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളതു മാത്രമേ ഒസിസിആര്‍പി റിപ്പോര്‍ട്ടിലും ഉള്ളൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
മാത്രമല്ല, മൗറീഷ്യസിലെയും ബെര്‍മുഡയിലെയും കടലാസ് കമ്പനികള്‍ ഉപയോഗിച്ച് വിനോദ് അദാനി (ഗൗതം അദാനിയുടെ മൂത്ത സഹോദരന്) തന്റെ പരിചയക്കാരിലൂടെ അദാനി ഓഹരികളില്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന് പറയമ്പോഴും ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഒസിസിആര്‍പിയ്ക്ക് സാധിച്ചിട്ടില്ല.
എന്തായാലും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. കാരണം ഈ റിപ്പോര്‍ട്ട് പുറത്തുവന്ന വ്യാഴാഴ്ച അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും വിപണിയില്‍ അദാനി ഓഹരികള്‍ നേട്ടം കൊയ്തു.
അതേ സമയം ജനവരിയില്‍ അദാനി കൃത്രിമമായി ഓഹരി വിലകള്‍ ഉയര്‍ത്താന്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദാനി കമ്പനികളുടെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. പക്ഷെ വൈകാതെ അദാനി ആസൂത്രിതമായ ബിസിനസ് നീക്കങ്ങളിലൂടെ ആ നഷ്ടം നികത്തിയെടുത്തു.
ഇന്ത്യന്‍ നിയമപ്രകാരം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് 75 ശതമാനം വരെയാണ് പ്രൊമോട്ടഡ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വെയ്ക്കാനുള്ള അധികാരം. ബാക്കി 25 ശതമാനം ഓപ്പണ്‍ ആയിരിക്കണം. ഈ ഓഹരികള്‍ക്ക് ആവശ്യക്കാരേറുമ്പോഴാണ് ഓഹരി മൂല്യം വര്‍ധിക്കുക. അതോടെ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളുടെയും മൂല്യം വര്‍ധിക്കും. എന്നാല്‍ അദാനി കമ്പനികളില്‍ പൊതുജനങ്ങള്‍ക്ക് കൈവശം വെയ്ക്കാവുന്ന 25 ശതമാനം ഓഹരികളില്‍ 13 ശതമാനവും മൗറീഷ്യസിലെ ചില കടലാസുകമ്പനികളെക്കൊണ്ട് അദാനിയുടെ സഹോദരന് വിനോദ് അദാനി വാങ്ങിപ്പിച്ചു എന്നതാണ് ഒരു പരാതി. യുഎഇയിലെ നാസര്‍ അലി ഷബാന്‍ അഹ്ലിയും തയ് വാന്‍ സ്വദേശി ചാങ് ചുങ് ലിങും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മൂന്ന് അദാനി കമ്പനികളിലെ 13 ശതമാനം ഓഹരികള്‍ വിനോദ് അദാനിയുടെ നിര്‍ദേശപ്രകാരം സ്വന്തമാക്കിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ട് ആരോപിക്കുന്നത്. മാത്രമല്ല, 75 ശതമാനം ഓഹരികള്‍ ഉടമകള്‍ക്ക് കൈവശം വെയ്ക്കാമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് ക്ഷാമം കാണിച്ച് വില കൃത്രിമമായി വര്‍ധിപ്പിച്ചെന്നും പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായി തെളിവുകള്‍ നിരത്താന്‍ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും ഇതേ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് ഇക്കാര്യം വിശദമായി സെബി അന്വേഷിച്ചിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: