പന്മന: അധികാര വര്‍ഗത്തിന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചുപറയാനും സമൂഹത്തിന് വഴികാട്ടാനും മഹാഗുരുക്കന്മാര് വീണ്ടും വരേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്. മഹാഗുരു ചട്ടമ്പിസ്വാമികളുടെ 170-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടത്തിയ ‘മാധ്യമ കേരളം’ സെമിനാറില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പക്ഷഭേദമില്ലാതെ സത്യം ഉറക്കെ വിളിച്ചുപറഞ്ഞ നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികള്‍. ഹിന്ദു പൗരോഹിത്യത്തിന്റേയും വൈദേശിക പൗരോഹിത്യത്തിന്റേയും ജീര്‍ണതകളെ മഹാഗുരു എതിര്‍ത്തു. മുഖം നോക്കാതെയുള്ള വിമര്‍ശനം ഇക്കാലത്ത് ഉണ്ടാകുന്നില്ലെന്നും എം.ജി. രാധാകൃഷ്ണന് പറഞ്ഞു.
മാധ്യമപ്രവര്‍ത്തനം പലതരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും വാര്‍ത്തയിലെ സത്യം തിരിച്ചറിയാന്‍ ശുദ്ധീകരണം ആവശ്യമാണെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ബ്യൂറോ ചീഫ് അനില്‍. എസ്. പറഞ്ഞു. സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനം സങ്കീര്‍ണമാണെങ്കിലും, അതിന്റെ നല്ല വശങ്ങള് ജനം സ്വീകരിക്കുമെന്ന് മാതൃഭൂമി സ്പെഷല്‍ കറസ്പോണ്‍ഡന്റ് ജി. സജിത്ത്കുമാര്‍ അഭിപ്രായപ്പെട്ടു. മാധ്യമവേട്ട എന്നത് സങ്കല്പമല്ലെന്നും സമകാല യാഥാര്‍ത്ഥ്യമാണെന്നും ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്. പ്രദീപ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. പ്രൊഫ. സി. ശശിധരക്കുറുപ്പ് സെമിനാര്‍ മോഡറേറ്ററായി. മഹാഗുരു വര്‍ഷം ജനറല്‍ കണ്‍വീനര്‍ വിഷ്ണു വേണുഗോപാല്‍ സ്വാഗതവും മഹാഗുരുവര്‍ഷം കോര്‍ഡിനേറ്റര്‍ ജി. ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: