ചവറ: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 170-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പന്മന ആശ്രമത്തില്‍ തുടക്കമായി. രാവിലെ നടന്ന മാധ്യമ കേരളം-സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആനുകാലിക വിഷയങ്ങളില്‍ ചട്ടമ്പിസ്വാമികളുടെ മഹത്വം നാം മനസ്സിലാക്കേണ്ടതാണെന്നും അധഃസ്ഥിതരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ഉദ്ഘാടന അദ്ദേഹം പറഞ്ഞു. പന്മന ആശ്രമം സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷനായിരുന്നു.
മഹാഗുരുവര്‍ഷം വൈസ് ചെയര്മാന് പ്രൊഫ. സി. ശശിധരക്കുറുപ്പ് മോഡറേറ്ററായി. വിവിധ വിഷയങ്ങളില്‍ മാധ്യമ പ്രതിനിധികളായ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്. പ്രദീപ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ബ്യൂറോ ചീഫ് അനില്‍. എസ്, മാതൃഭൂമി സ്പെഷല്‍ കറസ്പോണ്ടന്റ് ജി. സജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമവേട്ട നടക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ആര്. പ്രദീപ് പറഞ്ഞു. മുന്‍കാലങ്ങളില്‍ സമൂഹത്തിനുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ പോരാടിയിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തനം ഇന്ന് ഒരു ജോലിയായി മാത്രമാണ് കാണുന്നത്. ഇതിനു കാരണം ഭീതിയാണ്. ഭരണകര്‍ത്താക്കള്‍ നല്ലത് ചെയ്താല്‍ അത് നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. ഇതിന് മുതലാളി വര്‍ഗം വിലങ്ങുതടിയായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാഗുരു വര്‍ഷം ജനറല്‍ കണ്‍വീനര്‍ വിഷ്ണു വേണുഗോപാല്‍, ഓഫീസ് കോഡിനേറ്റര്‍ ജി. ബാലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ജയന്തി സമ്മേളനം നാളെ
ജയന്തി സമ്മേളനത്തിന്റെ രണ്ടാംദിനമായ നാളെ രാവിലെ ഏഴിന് ഏകാഹ നാരായണീയ യജ്ഞം, വൈകിട്ട് 4.30ന് പ്രഭാഷണം. ജയന്തിദിനമായ അഞ്ചിന് രാവിലെ 9.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും.
10.30ന് ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ അധ്യക്ഷതയില്‍ മഹാഗുരു ജയന്തി സമ്മേളനം മുന്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന് എംപി ഗ്രാമസൗഹൃദശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ ജയന്തി സന്ദേശം നല്‍കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ വിശിഷ്ടാതിഥിയാകും.
മഹാഗുരു ഭവ്യ സ്മൃതി അര്‍പ്പിച്ച് കൊണ്ട് സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദതീര്‍ത്ഥപാദര്‍, സിനിമാ സംവിധായകന് വിജിതമ്പി തുടങ്ങിയവര്‍ സംസാരിക്കും. മഹാഗുരു വര്‍ഷം വര്‍ക്കിങ് ചെയര്മാന് കോലത്ത് വേണുഗോപാല്‍, കലാമണ്ഡലം പ്രശാന്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 12.30ന് ഓട്ടന്തുള്ളല്, 2.30ന് ഭഗവദ്ഗീത കാലികപ്രാധാനമുള്ള ഒറ്റമൂലി എന്ന വിഷയത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ പി.കെ. ശ്രീകുമാര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍, രാത്രി 7ന് ഓടക്കുഴല്‍ ഫ്യൂഷന്‍ എന്നിവയോടെ പരിപാടികള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: