തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതി പ്രകാരം നിര്‍മ്മിച്ച പാലം ജനോപകാരപ്രദമായ സംവിധാനമാണ്. എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് വി മുരളീധരനെ ക്ഷണിക്കത്തതില്‍ ശക്തമായ പ്രതിഷേധവും വിഷമവും കോര്‍പ്പറേഷനെ അറിയിക്കുന്നതായി സുരേഷ്ഗോപി. അദ്ദേഹത്തെക്കൂടി ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നു. പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങള്‍ അറിയണം. ‘സ്മരണ വേണം സ്മരണ’ എന്ന തന്റെ സിനിമാ ഡയലോഗ് ഓര്‍മ്മിപ്പിച്ചുകൊണ്ടു സുരേഷ് ഗോപി പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ ശക്തനിലെ ആകശപ്പാത സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങില്‍ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെ. സത്യമല്ലേ അവര്‍ അറിയുന്നത്. അതില്‍ എന്താണ് പ്രശ്നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റില്‍ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്നും എല്ലാവര്ക്കും അറിയാമല്ലോ അദ്ദേഹം പറഞ്ഞു.
ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.
പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016ല്‍ 270 കോടി രൂപയും 2022ല്‍ 251 കോടിയും വകയിരുത്തിയാണ് പൂര്‍ത്തിയാക്കിയത്. ഇത്തരം ഫണ്ടുകള്‍ ഇതുപോലുള്ള പദ്ധതികള്‍ക്കായി കൃത്യമായി വിനിയോഗിച്ചാല്‍ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാര്‍ത്തലാണ് ഇത്.
പ്രാദേശികമായിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നതെങ്കിലും ഒരു ദേശീയ വീക്ഷണമുള്ള നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് ഒരു ചെറിയ ട്രിബ്യൂട്ട് കൊടുക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ബസ് സ്റ്റാന്‍ഡും മാര്‍ക്കറ്റും ഉള്‍പ്പെടുന്ന സ്ഥലത്ത് വളരെ ജനോപകാരപ്രദമായ സംവിധാനമാണ് ഇത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതില്‍ കോര്‍പറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു.
ഇതില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപൃതമായി ചെയ്യാനുണ്ടാകും. അത് കോര്പറേഷന് ചെയ്യട്ടെ. പണം എന്തായാലും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി കൊടുക്കുന്നുണ്ട്. അത് നമ്മുടെ തന്നെ പണമാണ്. പക്ഷേ, ഏതു സര്‍ക്കാരായാലും അത് കൊടുക്കണമല്ലോ. കുത്തിത്തിരിപ്പുകള്‍ അധികമുണ്ടാകാതെ ധാരാളം പദ്ധതികള്‍ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: