തിരുവനന്തപുരം: ‘സംഭരിച്ച നെല്ലിന്റെ പ്രതിഫലം കൊടുക്കാതെ കര്‍ഷകരെ പട്ടിണിക്കിടുന്ന സര്‍ക്കാര്‍, മുഖ്യമന്ത്രിക്കു പറക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഹെലികോപ്റ്റര്‍ കാര്യത്തില്‍ സര്‍ക്കാര്‍ പോക്ക്.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയ്ക്കാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം.
ഹെലികോപ്റ്റര്‍ വാടകയ്ക്കു കൊടുക്കുന്ന ചിപ്സണ്‍ ഏവിയേഷനുമായി അടുത്തയാഴ്ച പോലീസ് ആസ്ഥാനത്തെ എഡിജിപി അന്തിമ കരാര്‍ ഒപ്പുവയ്ക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 22 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തിരുന്നെങ്കിലും സംസ്ഥാനത്തിന് ഉപയോഗമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രിക്കും പോലീസിനുമായാണ് ഹെലികോപ്റ്റര്‍. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നിയമക്കുരുക്കുകള്‍ തടസ്സമായി. കടമ്പകള്‍ മാറിയെങ്കിലും ഹെലികോപ്റ്റര്‍ പാര്‍ക്കിങ് സംബന്ധിച്ച് ചിപസ്ണ് കമ്പനിയും സര്‍ക്കാരും തമ്മില്‍ തര്‍ക്കമായി.
ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യണമെന്ന് ചിപ്സണ്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്തു വേണമെന്ന് പോലീസും.
തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിങ് ഫീസ് കൂടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഇതോടെ മധ്യകേരളത്തില്‍ നിന്ന് ഏതു ജില്ലകളിലേക്കും പറക്കാനുള്ള സൗകര്യം കണക്കിലെടുത്തെന്ന വിശദീകരണവുമയി പാര്‍ക്കിങ് ചാലക്കുടിയില്‍ മതിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: