ഉസൈന്‍ ബോള്‍ട്ട് എന്ന ഇതിഹാസതാരത്തിന്റെ പ്രഭ മങ്ങിയ ശേഷം ലോകത്തിന് എടുത്തുപറയാന്‍ ഒരു വേഗകുതിപ്പുകാരന്റെ അഭാവം ട്രാക്കില്‍ നിഴലിച്ചു നിന്ന കാലം കടന്നുപോയിക്കഴിഞ്ഞു. ഇനി അങ്ങനെയൊരു വറുതി ഇല്ലെന്ന് ആശിക്കാന്‍ കഴിഞ്ഞ രാത്രിയോടെ കൊടിയിറങ്ങിയ ബുഡാപെസ്റ്റിലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലൂടെ ഉറപ്പിച്ചിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള നോഹ് ലൈല്‍സ് എന്ന 26കാരന്റെ വേഗക്കുതിപ്പില്‍ മെഡല്‍ നേട്ടത്തിനൊപ്പം ചില ശ്രദ്ധേയ മുന്നേറ്റം കൂടി സംഭവിച്ചിരിക്കുന്നു.
ഏറ്റവും ഒടുവിലായി ലൈല്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പുരുഷ റിലേ സംഘം 4-100 മീറ്ററില്‍ നേടിയ സ്വര്‍ണത്തിലൂടെ ഈ താരം ചാമ്പ്യന്‍ഷിപ്പിലെ ഹാട്രിക് സ്വര്‍ണം എന്ന അപൂര്‍വനേട്ടം കൈവരിച്ചിരിക്കുകയാണ്. ബുഡാപെസ്റ്റില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം 100 മീറ്ററില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഇത്തവണ നോഹ് ലൈല്‍സ് വീണ്ടും ചിത്രത്തിലേക്ക് വരുന്നത്. 200 മീറ്ററില്‍ സ്പെഷ്യലൈസ് ചെയ്ത താരം നൂറ് മീറ്ററില്‍ സ്വന്തം കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ സ്വര്‍ണം കൊയ്തു. 9.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി 100 മീറ്ററില്‍ കൈവരിച്ച മെഡല്‍ നേട്ടം കൂടിയായിരുന്നു അത്. അഞ്ച് ദിവസത്തിന് ശേഷം തന്റെ പ്രധാന ഇനമായ 200 മീറ്ററില്‍ സ്വര്‍ണം നേടി. 19.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മത്സരത്തില്‍ എറിയോന്‍ നൈറ്റന്, ലെറ്റ്സിലെ ടെബോഗോ എന്നിവരെ മറികടന്നാണ് ഒന്നാമതെത്തിയത്.
200 മീറ്ററിലെ സ്വര്‍ണ തിളക്കത്തോടെ തുടര്‍ച്ചയായി മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടിയെന്ന പെരുമയിലേക്കുയര്ന്നു. അമേരിക്കയുടെ ഇതിഹാസ താരങ്ങളായ മൈക്കല്‍ ജോണ്‍സണും കാല്വിന് സ്മിത്തും തുടരെ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമാണ് 200 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം നേടിയിട്ടുള്ള മറ്റൊരു ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ആണ് ഇക്കാര്യത്തില്‍ ലൈല്‍സിന് തൊട്ടു മുന്നിലുള്ളത്.
ഉസൈന്‍ ബോള്‍ട്ടിനൊപ്പം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കാന്‍ ബുഡാപെസ്റ്റില്‍ ലൈല്‍സിന് സാധിച്ചു. ഒരേ ചാമ്പ്യന്‍ഷിപ്പില്‍ നൂറ്, ഇരുന്നൂറ് മീറ്ററുകളില്‍ സ്വര്‍ണം നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ്. ഈ നേട്ടം ലൈല്‍സിന് മുമ്പ് കൈവരിച്ച ഒരേയൊരു താരം ഉസൈന്‍ ബോള്‍ട്ട് മാത്രമാണ്. അതും ലോക ചാമ്പ്യന്‍ഷിപ്പിന്റെ 2015ലെ പതിപ്പിലായിരുന്നു ആ നേട്ടം. ബോള്‍ട്ട് തന്റെ കരിയറില്‍ മിന്നിത്തിളങ്ങി നിന്ന കാലം 2009 മുതല്‍ 2015 വരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
2021 ടോക്കിയോ ഒളിംപിക്സിലൂടെയാണ് നോഹ് ലൈല്‍സ് എന്ന താരം അന്തര്‍ദേശീയ തലത്തില്‍ ഉദയം ചെയ്യുന്നത്. അന്ന് 200 മീറ്റര്‍ ഫൈനലില്‍ മൂന്നാമത് ഫിനിഷ് ചെയ്ത് വെങ്കലവുമായി മടങ്ങി. 2021 ആഗസ്ത് നാലിനായിരുന്നു ഈ നേട്ടം. ഒരുവര്‍ഷത്തിന് ശേഷം സ്വന്തം നാടായ അമേരിക്കയില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. അവിടെയും ഇതിഹാസതാരം മൈക്കല്‍ ജോണ്‍സണെ മറികടന്ന് അമേരിക്കന്‍ താരത്തിന്റെ മികച്ച സമയം കുറിച്ചു. 19.31 സെക്കന്‍ഡിലാണ് ലൈല്‍സ് ഫിനിഷ് ചെയ്തത്. 19.32 സെക്കന്‍ഡിലാണ് മൈക്കല്‍ ജോണ്ണിന്റെ നേട്ടം.
ഇത്തവണ ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കെത്തുമ്പോള് ലൈല്‍സ് ട്രാക്കിലെ അതികായനായി വളര്‍ന്നിരിക്കുന്നു. ഹാട്രിക് സ്വര്‍ണ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദിയോട് വിട പറയുന്നു.
ഇനി വരാനിരിക്കുന്നത് അടുത്ത വര്‍ഷം ജൂലൈ 26 മുതല്‍ ആഗസ്ത് 11വരെയുള്ള പാരിസ് ഒളിംപിക്സ് ആണ്. ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ട്രാക്കിലെ താരം ലൈല്‍സ് ആയിരിക്കുമെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: