ഓണാഘോഷത്തിന്റെ ഐതിഹ്യവും ചരിത്രവും ഓരോ ഓണക്കാലത്തും ചര്‍ച്ചയാകുന്നതാണ്. പലപ്പോഴും വിവാദവുമാകും. എന്നാല്‍ ഓണത്തിന് പ്രതിവര്‍ഷം പകിട്ടുകൂടുകയാണ്. ആഘോഷങ്ങള്‍ വ്യാപിക്കുകയാണ്. സാര്‍വത്രികമാകുകയാണ്. മത-ജാതി-വര്‍ഗവൈരം വിവാദങ്ങളിലൂടെ ഉയര്‍ത്തി അതിലും രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തിരുത്തിക്കൊണ്ട് സമൂഹമനസ്സ് മറ്റൊരു തലത്തില്‍, തരത്തില്‍ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. ഇത് മാവേലി പ്രഭാവമോ വാമനപ്രഭുത്വമോ എന്നത് ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ല. ഇതില്‍ ഉച്ചനീചത്വവും ചവിട്ടിത്താഴ്‌ത്തലും താഴ്‌ത്തിക്കെട്ടലും ഒന്നും ആരോപിക്കേണ്ടതുമില്ല. പകരം, ‘ആമോദത്തോടെ ആപത്തില്ലാതെ വസിക്കാനുള്ള’ വഴി ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞാല്‍ മതി.
ഓരോ ഓണക്കാലത്തും ഖേദിക്കുന്നതിനും ഒരു കാരണമുണ്ട്. അത് മഹാബലിയെയും വാമനനെയും ഓണത്തപ്പനെയും തിരിച്ചറിയാത്ത നമ്മുടെ സമകാലമനസ്സിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ബലിയല്ല; ‘മഹാബലി’യാണ്. പക്ഷേ, നമ്മുടെ മുന്നില്‍ ഓണക്കാലത്ത് ദൃശ്യവല്‍ക്കരിക്കുന്ന ‘മഹാബലി’ക്ക് അതല്ലെങ്കില്‍ ‘മാവേലി’ക്ക് ‘മഹാ’ഭാവവും രൂപവുമില്ല; പകരം കോമാളിസ്വരൂപമാണ് കാണുന്നത്. മഹാബലിയെ തൊലിനിറം കറുപ്പിക്കും, കപ്പടാമീശവെപ്പിക്കും, കുടവയര്‍ നിര്‍ബന്ധം. ചിലപ്പോള്‍ സര്‍വാഭരണ വിഭൂഷിതനായിരിക്കും, പട്ടുചേലയായിരിക്കും ഉടുപ്പിക്കുക; ഒരു ധനാഢ്യനായ ലമ്പടന്റെ സകല സൃഷ്ടിസങ്കല്‍പ്പവും ചേര്‍ത്ത ആധുനിക ആനുകാലിക രൂപമായിരിക്കും, ചിത്രത്തിലായാലും ശില്‍പ്പത്തിലായാലും പ്രച്ഛന്നവേഷത്തിലായാലും. വാമനന്‍ അല്‍പ്പവസ്ത്രധാരിയും പൂണുനൂല്‍ ധരിച്ചയാളുമാകും. ഏതോ ചിത്രകാരന്റെ ഭാവനയില്‍ ഒരിക്കല്‍ വിരിഞ്ഞ സൃഷ്ടിയെ, കാലക്രമത്തില്‍ കൂടുതല്‍ കൂടുതല്‍ കോമാളിത്തം ചേര്‍ത്ത് പരമാവധി വികൃതമാക്കിക്കൊണ്ടിരിക്കാന്‍ മത്സരിക്കുകയാണ്, ഓരോ വര്‍ഷവും ഓരോരുത്തരും എന്നു തോന്നിപ്പോകും.
മഹാബലി കരുത്തനായ, ഇന്ദ്രലോകത്തെപ്പോലും കീഴ്‌പ്പെടുത്താന്‍ കരുത്തും മേധയുമുള്ള രാജാവായിരുന്നു, അല്ല മഹാരാജാവായിരുന്നു. നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുമായിരുന്ന ആ രാജാവ് കുടവയറനായിക്കാണുമ്പോള്‍, കപ്പടാമീശക്കാരനായിക്കാണുമ്പോള്‍ അപാകമേറെ. എന്നാല്‍ ”ഓണത്തപ്പാ കുടവയറാ, ഇന്നോ നാളെയോ തിരുവോണം, തിരുവോണക്കറിയെന്തെല്ലാം, ചേനത്തണ്ടും ചെറുപയറും” എന്ന നാട്ടുപാട്ടിലെ ഓണത്തപ്പനാണ് ഈ ‘കഥാപാത്ര’മെങ്കില്‍ സഹനീയമാണ്. കാരണം ഭക്ഷണപ്രിയനായ, ഒരു സുഖിമാന്‍, പൊങ്ങച്ചക്കാരന്‍ എന്ന മട്ടില്‍ അത്തരം വരയേയും ശില്‍പ്പത്തേയും പ്രച്ഛന്നവേഷത്തെയും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവില്ല ആര്‍ക്കും. പക്ഷേ, ഇപ്പറഞ്ഞ ‘ഓണത്തപ്പ’നല്ല മഹാബലി. ആ ഓണത്തപ്പനല്ല ‘തൃക്കാക്കരയപ്പന്‍.’
ഓണത്തിന്റെ പുരാണ ഇതിഹാസ-ചരിത്രപക്ഷം മാറ്റിവച്ചാല്‍ ആഘോഷമെന്ന നിലയിലുള്ള ഇക്കാലത്തെ ഓണത്തിനെ വിലയിരുത്തിയാല്‍ അവിടെയും ചില അസ്വാഭാവികതകള്‍ കാണുന്നു. ഓണം എന്നാല്‍ ആഘോഷിക്കലാണ് അന്നും ഇന്നും. ആരുടെ ആഘോഷം? എന്ന കാര്യത്തിലാണ് തര്‍ക്കം. മുമ്പ് അത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള സാമൂഹിക ആഘോഷമായിരുന്നുവെങ്കില്‍ ഇന്ന് അത് വിപണിയുടെ ആഘോഷമായി. ഇങ്ങനെ പറയുമ്പോള്‍ വിപണിയെ പഴിക്കുകയാണെന്ന് ധരിക്കരുത്. ഓണം ആനന്ദത്തിന്റെ ഒത്തുചേരലായിരുന്നു. ഏതുകാലത്ത് എങ്ങനെയൊക്കെ പരിഷ്‌കാരം വന്നുവെന്നതിന് ഗവേഷണം വേണ്ടിവരാം. പക്ഷേ, എക്കാലത്തും ചില പൊതുസ്വഭാവം ഉണ്ടായിരുന്നു. അത് ആത്മാവിഷ്‌കാരത്തിന്റേതായിരുന്നു, ഒരുമയുടേതായിരുന്നു. ഒത്തുചേര്‍ന്നുള്ള ആഹ്ലാദത്തിന്റെതായിരുന്നു. പൂക്കളം നിര്‍മിക്കുന്നത് ചിത്രകലാ വൈദഗ്‌ദ്ധ്യം തെളിയിക്കലായിരുന്നു. അതുതെളിയിക്കാന്‍ ആരും തോല്‍ക്കാത്ത മത്സരമായിരുന്നു. ഇന്ന് ഡിജിറ്റല്‍ ലോകത്ത് ത്രീ ഡി (ത്രിമാന) സമ്പ്രദായവും ലേസര്‍പ്രകാശ സംവിധാനവുമൊക്കെക്കൊണ്ട് ആഘോഷിക്കുമ്പോള്‍, നിലത്ത് വട്ടത്തില്‍ തയാറാക്കുന്ന പൂക്കളത്തിനു നടുവില്‍ വാഴപ്പിണ്ടിയില്‍ ഈര്‍ക്കില്‍ കുത്തി പൂക്കള്‍ കോര്‍ക്കുമ്പോള്‍ ത്രിമാന ചിത്രണം നടത്തുകയായിരുന്നു പണ്ടുതന്നെ. ശില്‍പ്പകലാവൈദഗ്ധ്യം അക്കാലത്തും പ്രകടിപ്പിച്ചിരുന്നു. പാട്ടുപാടാനുള്ള കഴിവ് പൂക്കളിറുക്കാന്‍ പോകുന്നതിലും ഊഞ്ഞാലാടുന്നതിലും വരെ പ്രകടിപ്പിച്ചിരുന്നു. നൃത്തഗീത താളവാദ്യങ്ങളുടെ സമ്മേളനകാലം കൂടിയായിരുന്നു ഓണോഘോഷം. ബുദ്ധികൊണ്ടും ശരീരംകൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും നടത്തുന്ന ‘പ്രദര്‍ശനമത്സരങ്ങ’ളായിരുന്നു പല ആഘോഷപരിപാടികളും.
എന്നാല്‍, ഇന്ന് മുമ്പത്തേതിലും കൂടുതല്‍ ജനകീയമായി ഓണം ആഘോഷിക്കപ്പെടുന്നുവെന്നതാണ് വസ്തുത. വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങിയിരിക്കുന്നു ഓണാഘോഷം. നഗരത്തിലും ഗ്രാമത്തിലും ഓണം ആഘോഷിക്കുന്നു. ചെറുകിട വന്‍കിട സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്‌കൂള്‍, കോളജ് തുടങ്ങി നാലാള്‍ ഒത്തുചേരുന്നിടത്ത് ഓണാഘോഷം നടക്കുന്നു. ഓണമെന്നല്ല, മിക്ക ആഘോഷങ്ങളും. അത് മതപരമായാലും അല്ലാത്തതും. ആചാരപരമായതും അനുഷ്ഠാനാത്മകവുമായവപോലും.
പക്ഷേ, ചില ഭേദങ്ങള്‍ ഉണ്ടെന്നു മാത്രം. ഓണാഘോഷം ആഡംബരത്തിന്റെയും ആഹാരത്തിന്റെയും തലത്തിലേക്ക് മാത്രമായി ഒതുങ്ങുന്നു. ഇതിലൊക്കെ കൂടിച്ചേരുന്നവരുടെ പങ്കാളിത്തം. എത്രമാത്രം എന്നത് ചിന്തനീയമാകുന്നു. പാട്ടുപാടാന്‍ മൈക്കും പെന്‍ഡ്രൈവും. ഓണപ്പൂക്കളമിടാന്‍ ഇന്റര്‍നെറ്റിലും മൊബൈലിലും ഡിസൈന്‍. പൂക്കള്‍ശേഖരിക്കേണ്ടത് മാര്‍ക്കറ്റില്‍നിന്ന്. ഉടുക്കാന്‍ വസ്ത്രം തുണിക്കടയില്‍. സദ്യവിഭവങ്ങള്‍ കാറ്ററിങ് കമ്പനിയുടെ അടുക്കളയില്‍ വേകും. സദ്യവിഭവങ്ങള്‍ക്കുള്ള കഷണം നുറക്കാനോ പച്ചക്കറി കൃഷി ചെയ്യാനോ പാടുപെടേണ്ടതില്ല എന്നായി. അപ്പോള്‍ സംഭവിക്കുന്നതോ? സാമൂഹ്യമായ ഒത്തുചേരലിന്റെ അവസരം ഇല്ലാതാകുന്നു. സര്‍ഗവൈഭവത്തിന്റെ പ്രകടനവേദികള്‍ ഇല്ലാതാകുന്നു. അങ്ങനെ മനഷ്യനും മനുഷ്യബന്ധങ്ങളും യാന്ത്രികവും സാങ്കേതികവുമാകുന്നു. ഓണം ആഘോഷിക്കേണ്ടതെങ്ങനെയെന്ന് വിപണി നിശ്ചയിക്കുന്നു. അങ്ങനെയാണ് മാവേലിയും ഓണത്തപ്പനും കുടവയറനും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞുപോകുന്നത്.
ഇവിടെയാണ് നഷ്ടപ്പെടുത്തിയതിനെ നാം തിരികെ പിടിക്കുമ്പോള്‍ അതിനാത്മാവില്ലെന്ന തിരിച്ചറിയലുണ്ടാകുന്നത്. നഷ്ടമായതൊക്കെയും നഷ്ടംതന്നെയാണ്. അതത് കാലത്തിന്റെ മൂല്യത്തില്‍ വിലയിട്ടു നോക്കുമ്പോഴാണ് അത് തിരിച്ചറിയുന്നത്. 50 വര്‍ഷം മുമ്പത്തെ രക്ഷിതാക്കളില്‍ പലരും മക്കളെ വളര്‍ത്തിയതില്‍ വന്ന വീഴ്ചയാണ് ഇന്നത്തെ തലമുറയുടെ അവസ്ഥയ്‌ക്ക് കാരണമെന്നുവേണം വിലയിരുത്താന്‍. ഇന്നത്തെ യുവജനതയില്‍, ആലോചനയ്‌ക്കും ആത്മപരിശോധനയ്‌ക്കും അന്വേഷണത്തിനും അവസരം ലഭിച്ചവര്‍, ഏറെ ആത്മവിശ്വാസംനേടി, സ്വന്തം വഴികണ്ടെത്താനും അതില്‍ സഞ്ചരിക്കാനും തീരുമാനിച്ചവര്‍ ഏറെയുണ്ട്. അവസരങ്ങള്‍ കിട്ടിയിട്ടും അബദ്ധങ്ങളുടെ വഴിമാറി നടക്കാത്തവര്‍ പടുകുഴിയില്‍ പതിക്കുന്നുമുണ്ട്. നേരത്തേ പറഞ്ഞ, അരനൂറ്റാണ്ടുമുമ്പ് അപഭ്രംശം ബാധിച്ചവരുടെ വഴിയേ നടക്കുന്നവര്‍ക്കേ മാറ്റമില്ലാതെയുള്ളു. ശാസ്ത്രവും യുക്തിയും സംസ്‌കാരത്തേയും പൈതൃകത്തേയും വിമര്‍ശിക്കാനും നിരസിക്കാനുമുള്ളതാണെന്ന അബദ്ധങ്ങളുടെ വഴിയില്‍ പോയവരുടെ തുടര്‍ച്ചക്കാര്‍. അവരെയും വഴികാട്ടാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കുക മാത്രമാണ് പോംവഴി. അതിന് ഓണാഘോഷങ്ങളും അവസരങ്ങളാകണം. അവിടെയാണ് കഴിഞ്ഞുപോയതിനെ കാലികമായി കാണാനും വ്യാഖ്യാനിക്കാനുമുള്ള ശാസ്ത്രീയ യുക്തി വേണ്ടത്. അവിടെയാണ് രാഷ്‌ട്രീയത്തിന് കക്ഷി രാഷ്‌ട്രീയത്തില്‍നിന്ന് അകലം പാലിക്കേണ്ടിവരുന്നത്.
അതില്ലാതെ വരുമ്പോഴാണ് മിഥ്യയേതാണ് തഥ്യ ഏതാണ് എന്ന് വിലയിരുത്തുന്നതില്‍ വീഴ്ചയുണ്ടാകുന്നത്; അവര്‍ക്കാണ് രഥ്യ എതാണെന്ന് തിരിച്ചറിയാനാവാതെ ‘മിത്ത്’ അബദ്ധമാണെന്ന ധാരണ ഉണ്ടാകുന്നത്. ഇത് ‘ജനഗണത്തിന്റെ മനം’ തിരിച്ചറിയുന്നുണ്ട്. പക്ഷേ, ആ ‘മനങ്ങളുടെ അധിനായക’ന്മാരെന്ന് ഭാവംകൊള്ളുന്നവര്‍ക്ക് അത് മനസ്സിലാകുന്നില്ലെന്നു വേണം നമ്മള്‍ മനസ്സിലാക്കാന്‍. അതുകൊണ്ട് അവര്‍, പ്രീണന രാഷ്‌ട്രീയത്തിന്റെ പഴയ പാളത്തിലത്തന്നെ സഞ്ചരിച്ച് അറിഞ്ഞുകൊണ്ട് അബദ്ധം പറയുന്നു.
‘കാണം വിറ്റും ഓണം ഉണ്ണണ’മെന്ന് പറയുന്നത് ഓണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്. അത് ജനങ്ങള്‍ തിരിച്ചറിയുന്നു. അവര്‍ ഓണം ആഘോഷിക്കാന്‍ മടിക്കുന്നില്ല, അവര്‍ കാണം വില്‍ക്കുന്നില്ല. പക്ഷേ ആഘോഷിക്കേണ്ടതെങ്ങനെയെന്ന കാര്യത്തില്‍ അറിവില്ലാത്തവര്‍ ഏറുന്നു. അതുകൊണ്ട്, ആഘോഷങ്ങള്‍ ആഡംബരവും ആഹാരഭ്രമവും മാത്രമായി ചുരുങ്ങുന്നു. അത് ഓണത്തിന്റെകാര്യത്തില്‍ എന്നല്ല, വിശ്വാസാചാരങ്ങളുടെ വ്രതനിഷ്ഠാകാലത്തുപോലും ആഹാരത്തിന്റെ പകിട്ടും ചിമിട്ടും നോക്കി മൂല്യം നിശ്ചയിക്കുന്നകാലമായിരിക്കുന്നുവെന്ന് വരുന്നത് ഏതുപക്ഷത്തുനിന്ന് നോക്കിയാലും അപചയംതന്നെയാണ്. ‘മാനുഷര്‍ എല്ലാരുമൊന്നുപോലെ’യായിരിക്കുന്നത് അത്തരം കാര്യങ്ങളിലാണെന്ന് തോന്നും. അതില്‍ മാറ്റം ഉണ്ടാക്കേണ്ടതുണ്ട്. അത് ജനഗണത്തിന്റെ ദൗത്യം തന്നെയാകുന്നു. അവിടെ മിത്തുവിവാദം പോലുള്ളവ ഒരു പരിധിവരെ സഹായകവമാകുന്നുവെന്നതാണ് നേട്ടം.
‘വാദേ വാദേ ജായതേ തത്ത്വബോധഃ’ എന്നാണ് പ്രമാണം. അതായത് വാദിച്ചുകൊണ്ടേയിരിക്കുക, തര്‍ക്കിച്ചുകൊണ്ടേയിരിക്കുക, തര്‍ക്കത്തില്‍ തകര്‍ക്കപ്പെടാത്തത് ഏതാണോ അതാണ് സത്യം. അതാണ് തത്ത്വം. വാക്കുകൊണ്ടാകണം തര്‍ക്കം, അത് വക്കാണമാകരുത്. വാദിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്തതെന്തോ അതാണ് പരമസത്യം. അല്ലാത്തതൊക്കെ മിഥ്യയും.
പിന്‍കുറിപ്പ്:
ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി ഏഥന്‍സില്‍ (ഗ്രീസ്) നടക്കുന്നു. രാഷ്‌ട്രത്തലവന്മാര്‍ ഒന്നിച്ചുള്ള ചിത്രമെടുക്കുന്ന വേദി. വായനക്കാര്‍ കണ്ടുകാണുമെങ്കിലും ഓര്‍മ്മിപ്പിക്കട്ടെ. അതത് നേതാക്കള്‍ക്ക് നില്‍ക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് അതത് രാജ്യത്തിന്റെ ദേശീയ പതാകയുടെ മാതൃക നിലത്ത് അടയാളമായി വെച്ചിരിക്കുകയായിരുന്നു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പതാക മാതൃക കൈയിലെടുത്ത് സ്വന്തം പോക്കറ്റില്‍ സൂക്ഷിച്ചു. ചടങ്ങ് നിയന്ത്രിച്ചവര്‍ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. കാരണം ഭാരതത്തിന്റെ ദേശീയപതാകയുടെ മാതൃകപോലും നിലത്ത് കിടക്കേണ്ടതല്ല, ഉയര്‍ന്നു പറക്കേണ്ടതാണെന്ന ഉന്നത ബോധമാണ് അതിന് കാരണം. ചെറുതല്ല, ആ പ്രതികരണവും പ്രവര്‍ത്തനവും. അത് പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള ആഴത്തിലുള്ള വിശ്വാസവും മാതൃകയുംകൂടിയാണ്. അതുതന്നെയാണ് സ്വാഭിമാനവും, ആത്മബോധവും; എല്ലാ വ്യക്തിയും ഓരോ പ്രവര്‍ത്തനത്തിലും പാലിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: