കൊല്ലം: മത്സ്യബന്ധന യാനങ്ങളില്‍ ‘നഭ്മിത്ര’ ട്രാന്‍സ്പോണ്ടര്‍ ഉപകരണം ഘടിപ്പിച്ച് പരീക്ഷണം നടത്തി. ഉള്‍ക്കടലിലുള്ള യാനങ്ങളിലെ തൊഴിലാളികള്‍ക്ക് കരയിലേക്കും തിരിച്ചും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമാണ് ‘നഭ്മിത്ര’ ട്രാന്‍സ്പോണ്ടര്‍. ജി- സാറ്റ് 6 നെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം രൂപകല്‍പ്പന ചെയ്തത് അഹമ്മദാബാദിലെ ഐഎസ്ആര്‍ഒ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററാണ്. കാലാവസ്ഥാ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ അലാറമായും പ്രാദേശിക ഭാഷയില്‍ ടെക്സ്റ്റ് മെസ്സേജ് ആയും ഉള്‍ക്കടലിലെ യാനങ്ങളില്‍ ലഭിക്കും.
ബോട്ടുകള്‍ മുങ്ങുക, തീപ്പിടിത്തം തുടങ്ങിയ സാഹചര്യങ്ങളില്‍ നഭ്മിത്രയിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ കണ്ട്രോള് സെന്ററില്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരം ലഭിക്കുകയും കണ്ട്രോള് സെന്ററില്‍ നിന്നുള്ള മറുപടി തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്യും. കപ്പല്‍ച്ചാലുകള്‍, രാജ്യാന്തര സമുദ്ര അതിര്‍ത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും അറിയാന്‍ സാധിക്കും. നീണ്ടകരയില്‍ മത്സ്യബന്ധനയാനത്തില്‍ ഉപകരണം ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാരായ എം. താജുദ്ദീന്, സ്മിത എസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സോഫിയ മാര്‍ഗരറ്റ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: