കോട്ടയം: ഒത്തുകളി രാഷ്ട്രീയക്കാരുടെ വ്യാജ ഏറ്റുമുട്ടലാണ് പുതുപ്പള്ളിയില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പുതുപ്പള്ളിയുടെ ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ഒരുമിച്ച് ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും പുതുപ്പള്ളിയില്‍ ജനങ്ങളെ പറ്റിക്കാനാണ് പരസ്പരം മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഐഎന്‍ഡിഐഎ ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ദേശീയതലത്തിലെ സഖ്യം കേരളത്തിലും വരുന്നതിന്റെ ഉദാഹരണമാണെന്നും മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് എന്‍ഡിഎയും യുഡിഎഫുമായി കൂട്ടുകെട്ടാണെന്നാണ്. ആലപ്പുഴ ജില്ലയിലെ കോണംതുരുത്ത്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫുമാണ് ഭരിക്കുന്നത്. തൃശ്ശൂര്‍ തിരുവില്വാമലയില്‍ ഇരുമുന്നണികളും ഒരുമിച്ച് ബിജെപിയെ താഴെയിറക്കി. മലമ്പുഴയില്‍ ബിജെപിയുടെ അവിശ്വാസം പരാജയപ്പെടുത്താനും ഇടത്-വലത് ശക്തികള്‍ ഒന്നിച്ചു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരിക്കുന്നത്.
പുതുപ്പള്ളിയില്‍ തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഗാന്ധിവധവും സംഘപരിവാറുമൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ച തിരിച്ചുവിടാനാണ് ശ്രമം. അഴിമതി ചൂണ്ടിക്കാണിക്കുമ്പോള്‍ സംഘപരിവാറെന്ന് പറയുകയാണ് പിണറായി വിജയന്. മാസപ്പടി, കരുവന്നൂര്‍ സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല. കേരളത്തിലെ വന്‍കിട മുതലാളിമാരില്‍ നിന്നും എന്തിനാണ് നിങ്ങളും കുടുംബവും പണം വാങ്ങുന്നത്? സുരേന്ദ്രന് ചോദിച്ചു.
2021 ല്‍ തുടര്‍ ഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ? കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. എ.സി. മൊയ്തീന് മാത്രമല്ല രണ്ട് ജില്ലാ സെക്രട്ടറിമാര്‍ക്കും ബാങ്ക് തട്ടിപ്പില്‍ പങ്കുണ്ട്. ഇതിലെ കണ്ണൂര്‍ ബന്ധം പുറത്തുവന്നു കഴിഞ്ഞു. കണ്ണൂര്‍ സ്വദേശിയായ സിപിഎം നേതാക്കളുടെ അടുപ്പക്കാരന് സതീശന് എന്താണ് ഇതില്‍ കാര്യം. ഇ.പി. ജയരാജന് ഇതില്‍ മറുപടി പറയണം. ഇപിയുടെ അടുപ്പക്കാരനാണ് സതീശന്. അംബാനിയുടേയും അദാനിയുടേയും പണമല്ല സാധാരണക്കാരുടെ പണമാണ് കരുവന്നൂരില്‍ മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് കൊള്ളയടിച്ചത്. മന്ത്രി ബിന്ദുവിന്റെ പ്രചാരണത്തിന് ഈ തട്ടിപ്പുകാര്‍ ഇറങ്ങിയിരുന്നു.
പുതുപ്പള്ളിയില്‍ യുഡിഎഫിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറല്ല. പിണറായി വിജയന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. മാസപ്പടിയിലെ പോലെ എല്ലാ കാര്യത്തിലും ഇവര്‍ ഒറ്റക്കെട്ടാണ്. 53 വര്‍ഷം യുഡിഎഫിലെ പ്രധാന നേതാവ് പ്രതിനിധീകരിച്ച മണ്ഡലത്തില്‍ എത്തിയ മുഖ്യമന്ത്രി യുഡിഎഫിനെതിരെ മിണ്ടുന്നില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: