മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ നേരത്തേ അട്ടിമറി ശ്രമം നടത്തിയ വാഗ്നര്‍ കൂലിപ്പടയാളി സംഘത്തിന്റെ തലവന്‍ യവ്ജെനി പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ യെവ്ജെനി പ്രിഗോഷിന് ഉണ്ടായിരുന്നതായി റഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകര്‍ന്നുവീണത്. മൂന്ന് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും അപകടത്തില്‍ മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
വാഗ്നര്‍ സ്വകാര്യ സൈനിക കമ്പനിയുടെ സ്ഥാപകനായ പ്രിഗോഷിന്റേതാണ് തകര്‍ന്ന വിമാനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
”ഇന്ന് രാത്രി ത്വെര്‍ മേഖലയില്‍ ഉണ്ടായ എംബ്രയര്‍ വിമാനാപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ പട്ടികയില്‍ യെവ്ജെനി പ്രിഗോഷിന്റെ പേരും കുടുംബപ്പേരും ഉള്‍പ്പെടുന്നു- റഷ്യന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.
യെവ്ജെനി പ്രിഗോഷിന്റെ സ്വകാര്യ സൈനിക സേനയായ വാഗ്നര്‍ റഷ്യക്കൊപ്പം ചേര്‍ന്ന് യുക്രൈനെതിരെ പോരാടിയിരുന്നു. എന്നാല്‍ പിന്നീട് യെവ്ജെനി പ്രിഗോഷിന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോടിടഞ്ഞ് അട്ടിമറി നീക്കം നടത്തിയെങ്കിലും മധ്യസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: