മണര്‍കാട് (കോട്ടയം): മുഖ്യമന്ത്രിയും മകളും ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നാണ് പരിശോധിക്കുന്നതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ പരീക്ഷണത്തില്‍ ഏറെ മുന്നേറാനും കഴിഞ്ഞു.
പിണറായി റിവേഴ്സ് ഹവാലയാണ് വിജയകരമായി നടത്തുന്നത്. മകള്‍ വീണ മാസപ്പടി വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നു. മാസപ്പടി വിവാദത്തെക്കുറിച്ച് യുഡിഎഫിന് ചോദിക്കാന്‍ എന്താണ് അര്‍ഹത. യുഡിഎഫ് നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ട്. നേതാക്കളുടെ പണത്തോടുള്ള ആര്‍ത്തിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
എന്‍ഡിഎ മുന്നണി വികസനത്തിന്റെയും ആദര്‍ശത്തിന്റെയും രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മോദിയുടെ രാഷ്ട്രീയം കുടുംബാധിപത്യത്തിന് എതിരാണ്. പുതുപ്പള്ളിയില്‍ എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ട് കര്‍ഷകര്‍ക്ക് ഗുണമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത വീടുകള്‍ പുതുപ്പള്ളിയില്‍ ഇല്ല. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് കിട്ടിയതുപോലുള്ള സാഹായം മുമ്പെങ്ങും കേരളത്തില്‍ കിട്ടിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വികാരമാണ് പുതുപ്പള്ളിയില്‍ ഉള്ളത്.
പുതുപ്പള്ളിയില്‍ രണ്ട് മുന്നണികള്‍ തമ്മിലാണ് മത്സരം. എന്‍ഡിഎ മുന്നണിക്ക് ഐഎന്‍ഡിഐഎ മുന്നണി ഒരു ഭീഷണിയല്ല. ഐഎന്‍ഡിഐഎ മുന്നണിക്ക് മുസ്ലീം ലീഗിന്റെ കൊടിയുമായി ഉത്തരേന്ത്യയില്‍ കടക്കാനാവില്ല. അവിടെ ചെന്നാല്‍ പാകിസ്ഥാനെന്നു പേരു വീഴും. ചെങ്കൊടിയുമായി ത്രിപുരയിലും പോകാനാവില്ല. അതാണ് ഐഎന്‍ഡിഐഎ മുന്നണിയുടെ അവസ്ഥയെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: