പാലക്കാട്: ചെർപ്പുളശേരി തിരുവാഴിയോട് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച രാവിലെ 7.45നായിരുന്നു അപകടം.
ചെന്നൈയിൽ നിന്നും കോഴിക്കോടിന് വരികയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം എടയത്തൂർ സ്വദേശിനി സൈനബയാണ് മരിച്ചവരിൽ ഒരാൾ. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇ റക്കത്തിൽ നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
ജീവനക്കാർ ഉൾപ്പെടെ 38 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്. ബസ് റോഡിൽനിന്ന് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: