ബുഡാപെസ്റ്റില്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ഫൈനലില്‍ സ്വര്‍ണം നേടി സ്പാനിഷ് താരം അല്‍വാരോ മാര്ട്ടിന്. നാല് ഫൈനലുകള്‍ ആദ്യ ദിനം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും രാത്രി വൈകിയും മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യദിനത്തിലെ ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി.
ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ ആദ്യ ഫൈനല്‍ 20 കിലോമീറ്റര്‍ നടത്തത്തിലായിരുന്നു. സ്പെയിന്റെ ആല്‍വാരോ മാര്ട്ടിന് സ്വര്‍ണം നേടി. ഒരു മണിക്കൂര്‍ 17.32 സെക്കന്‍ഡ് കൊണ്ടാണ് താരം ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. സീസണിലെ ഏറ്റവും വേഗമേറിയ സമയമാണിത്. സ്വീഡന്റെ പെര്സ്വീസ് കാള്‍സ്റ്റോം ആണ് നടത്തത്തില്‍ വെള്ളി നേടിയത്. ഒരു മണിക്കൂര്‍ 17.39 സെക്കന്‍ഡില്‍ താരം ഫിനിഷ് ചെയ്തു. ബ്രസീലിന്റെ കായിയോ ബോന്‍ഫിം ഇതേ മത്സരത്തില്‍ മൂന്നാമതെത്തി വെങ്കലം സ്വന്താക്കി. ഒരുമണിക്കൂര്‍ 17.47 സെക്കന്‍ഡെടുത്താണ് താരം ഫിനിഷ് ചെയ്തത്. കഴിഞ്ഞ കൊല്ലം ഒറിഗോണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് ആല്‍വാരോ മാര്ട്ടിന്. ടോക്കിയോ ഒളിംപിക്സില്‍ നാലാമതെത്തിയിരുന്നു.
ആദ്യദിനത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ഫൈനലുകളൊന്നും ഉണ്ടായിരുന്നില്ല. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ വികാശ് സിങ് 28-ാമതും പരംജീത് സിങ് ബിഷ്ട് 35-ാമതും ആകാശ് ദീപ് സിങ് 47-ാമതുമാണ് ഫിനിഷ് ചെയ്തത്.
3000മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ ഇന്ത്യയുടെ പ്രതീക്ഷാ താരമായ ആവിനാഷ് സാബ്ലെ പുറത്തായി. ഹീറ്റ്സില്‍ ഏഴാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റ്സുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവരേ ഫൈനലിന് യോഗ്യരാകൂ.
സെമി റൗണ്ട് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ വനിതാ ലോങ് ജംപ് താരം ഷൈലി സിങ് 24-ാമത് ഫിനിഷ് ചെയ്തു. 36 താരങ്ങളാണ് യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത്. ആദ്യമെത്തുന്ന 12 താരങ്ങളേ സെമിയിലേക്ക് യോഗ്യത നേടുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: