ധാക്ക: ബംഗ്ലാദേശില്‍, ത്രിപുര അതിര്‍ത്തിക്കടുത്തുള്ള സില്‍ഹെത് ഡിവിഷനിലെ മൗള്‍വിബസാര്‍ ജില്ലയില്‍ നിന്ന് ആറ് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 10 ഇസ്ലാമിക തീവ്രവാദികളെ തീവ്രവാദ വിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിന്റെ തീവ്രവാദ വിരുദ്ധ, രാജ്യാതിര്‍ത്തി കടന്നുളള ഭീകരതാ കുറ്റാന്വേഷണ വിഭാഗം കുലൗറ പൊലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്താണിത്.
ഇമാം മഹ്മൂദറിന്റെ പുതുതായി ആരംഭിച്ച കഫേല എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളെയാണ് പിടികൂടിയതെന്നാണ് പൊലീസ് അറിയിച്ചത്. ഗസ്വ-ഇ-ഹിന്ദ് (ഇന്ത്യ യുദ്ധം) പ്രത്യയശാസ്ത്രമാണ് സംഘടന പിന്തുടരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിയന്ത്രണം സ്ഥാപിക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും പൊലീസ് പറയുന്നുു.
ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ സംഘടനയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തീവ്രവാദി സംഘടയുടെ ബുദ്ധികേന്ദ്രത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല.
2.5 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍, 50 ഡിറ്റണേറ്ററുകള്‍, പരിശീലന മുറ, വാളുകള്‍, കമാന്‍ഡോ ബൂട്ടുകള്‍, പണം എന്നിവ പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തു. ഒരു ഏക്കര്‍ സ്ഥലത്ത് പുതുതായി പണിത വീട്ടില്‍ 20 മുതല്‍ 25 വരെ തീവ്രവാദികള്‍ താമസിച്ചിരുന്നതായും എന്നാല്‍ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ ബാക്കിയുള്ളവര്‍ സ്ഥലത്തുനിന്നും കടന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: