ന്യൂദല്‍ഹി: ചന്ദ്രയാന്‍-3ന് പിന്നാലെ രാജ്യത്തിന്റെ മറ്റൊരു അഭിമാന പദ്ധതിയായ ഗഗന്‍യാനും കുതിക്കുന്നു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിയുടെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായ ഡ്രോഗ് പാരഷൂട്ടുകളുടെ വിജയകരമായ പരീക്ഷണം ശാസ്ത്രജ്ഞരില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പരീക്ഷണ പരമ്പരയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ബഹിരാകാശ പേടകത്തില്‍ നിന്ന് മനുഷ്യരെ തിരിച്ച് ഭൂമിയിലെത്തിക്കാനുള്ളവയാണ് ഡ്രോഗ് പാരാഷൂട്ടുകള്‍. യാത്രക്കാര്‍ കയറിയ ക്രൂ മൊഡ്യൂളിന്റെ സ്ഥിരതയുറപ്പാക്കുകയും അതിന്റെ വേഗം കുറച്ച് അപകടമില്ലാതെ അന്തരീക്ഷത്തിലേക്ക് മടക്കിയെത്തിക്കുകയും ചെയ്യുന്ന ഇവ, ഗഗന്‍യാനിന്റെ സുരക്ഷയ്ക്കുള്ള സുപ്രധാന ഘടകമാണ്.
തിരുവനന്തപുരം വേളി വിഎസ്എസ്സിയാണ് പരീക്ഷണം നടത്തിയത്. ആഗസ്ത് എട്ടു മുതല്‍ 10 വരെ, ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്സ് റിസര്‍ച്ച് ലബോറട്ടറി റെയില്‍ട്രാക്ക് റോക്കറ്റ് സ്ലൈഡിലായിരുന്നു പാരാഷൂട്ടുകള്‍ വിടര്ത്തിയുള്ള പരീക്ഷണ പരമ്പര. ഡിആര്‍ഡിഒയും ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഇക്കാര്യത്തില്‍ വിഎസ്എസ്സിയെ സഹായിച്ചു.
പേടകം അന്തരീക്ഷത്തില്‍ കടക്കുന്നതോടെ കമാന്‍ഡ് നല്‍കുകയും അതില്‍ ഘടിപ്പിച്ച്, പ്രത്യേക രീതിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന പാരാഷൂട്ടുകള്‍ വിടര്‍ന്ന് പേടകത്തിന്റെ വേഗം കുറയ്ക്കുകയും അങ്ങനെ അന്തരീക്ഷ ഘര്‍ഷണം മൂലം തീപ്പിടിത്തമുണ്ടാകാതെ തടയുകയും ചെയ്യും. 5.8 മീറ്റര്‍ വ്യാസത്തില്‍ കോണ്‍ രൂപമുള്ള ഇവ കുട പോലെ വിടരും. മൂന്നു സമഗ്ര പരീക്ഷണങ്ങളാണ് നടന്നത്.
ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയ്ക്കാകും. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും. 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്താണ്. അതിനിടെ റഷ്യയുടെ ചാന്ദ്ര പേടകം ലൂണ 25 വെള്ളിയാഴ്ച സോയൂസ് 2 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.
അര നൂറ്റാണ്ടിനു ശേഷമാണ് റഷ്യയുടെ മടങ്ങി വരവ്. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആഗസ്ത് 23നു തന്നെയാണ് റഷ്യയുടെ ലൂണയും ഇറങ്ങുക. ലൂണ 25 ആഗസ്ത് 16ന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തും. രണ്ടും ഒപ്പത്തിനൊപ്പം ദക്ഷിണ ധ്രുവത്തിലിറങ്ങുമ്പോള് ആദ്യമിറങ്ങുന്ന പേടകം ചരിത്രത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: