ന്യൂദല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം തേടി ഇടത് എംപിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ അടുത്തതിനാല്‍ കേരളത്തിന് പ്രത്യേക പരിഗണന നല്കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് എംപിമാരുടെ സംഘം ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നതിനിടെയാണ് എംപിമാര്‍ ഈ ആവശ്യമുന്നയിച്ച് ധനമന്ത്രിയെ കണ്ടത്. കേന്ദ്രം പണം നല്‍കാതെ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രചരണം. എന്നാല്‍ കണക്കുകളും മറ്റും പുറത്തുവന്നതോടെ ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമായിരുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയും സാമൂഹ്യ സുരക്ഷാ പെന്ഷന് ഉള്‍പ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയല്‍ മുതലായവയും കേരള സര്‍ക്കാര്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് എംപിമാര്‍ അവകാശപ്പെട്ടു. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിര്ത്തിയതിലുണ്ടായ സാമ്പത്തിക ഞെരുക്കവും കേന്ദ്ര ഗ്രാന്റുകളിലെ കുറവുമാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിക്കാന്‍ കാരണമെന്നും എംപിമാര്‍ പറയുന്നു.
ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാര്‍ എന്നിവരാണ് ധനമന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: