തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരേ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ വീണ്ടും വെട്ടിലായി സിപിഎം. വീണയുടെ ആദായ നികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ സത്യവാങ്മൂലത്തിലോ സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയ പണത്തെക്കുറിച്ച് പരാമര്‍ശമില്ല.
റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണയുടെ ആദായ നികുതി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 2016-17ല്‍ 8,25,708 രൂപയാണ് വരുമാനം. 2017-18ല്‍ 10,42,864 രൂപ, 2018-19ല്‍ 28.68 ലക്ഷം, 2019-20ല്‍ 30.72 ലക്ഷം, 2020-21ല്‍ 29.94 ലക്ഷം എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് തീര്‍പ്പു കല്പിച്ചതനുസരിച്ച് സിഎംആര്‍എല്ലില്‍ നിന്നു വീണയുടെ പേരില്‍ 2017-18ല്‍ 15 ലക്ഷവും 2019-20ല്‍ 40 ലക്ഷവും നല്‍കിയിട്ടുണ്ട്. റിയാസിന്റെ സത്യവാങ്മൂലത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.
കണക്കുകള്‍ പുറത്തുവന്നതോടെ സിപിഎമ്മും വെട്ടിലായി. ആദായ നികുതി ബോര്‍ഡിന്റെ വിധിയായതിനാല്‍ കമ്പനിയില്‍ നിന്നു പണം വാങ്ങിയില്ലെന്ന് പറയാനാകില്ല. ഒന്നുകില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത് കളവാണെന്ന് റിയാസിന് സമ്മതിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ എംഎല്‍എ സ്ഥാനവും വരെ നഷ്ടപ്പെടാം. സിഎംആര്‍എല്‍ നല്കിയ പണം ഉള്‍പ്പെടുത്താത്തത് മാസപ്പടി ഇനത്തില്‍ ലഭിച്ചതിനാലാണെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ നികുതി വെട്ടിപ്പിന് നടപടി നേരിടേണ്ടി വരും. വീണയ്ക്കും കമ്പനിക്കും നല്കിയ 1.72 കോടിയില്‍ 55 ലക്ഷം വീണയുടെ പേരിലാണ് നല്‍കിയിരിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വീണയുടെ പേരിലും പണം നല്‍കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വരുമാനം വീണ നല്കിയ റിട്ടേണില്‍ സമര്‍പ്പിച്ചുണ്ടോയെന്ന ചോദ്യം ഉയരുന്നതിനാല്‍ ആദായ നികുതി അന്വേഷണവും നേരിടേണ്ടി വരും.
നിയമപരമായി ഉണ്ടാക്കിയിട്ടുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ടു കമ്പനികള്‍ തമ്മിലുള്ള ഒരു എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും തെറ്റ് മുഖ്യമന്ത്രിയുടെ മകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നാണ് സിപിഎം നേതാവ് എ.കെ. ബാലന് ചോദിച്ചത്. ഒന്നുകില്‍ സത്യവാങ്മൂലം തെറ്റാണെന്നോ അല്ലെങ്കില്‍ പണം വാങ്ങിയില്ലെന്നോ പറയണമെന്ന് തെളിവുകള്‍ പുറത്തുവിട്ട് മാത്യു കുഴല്നാടന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമ നപടികളിലേക്ക് നീങ്ങാനാണ് മാത്യു കുഴല്‍നാടന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: