പുതുക്കാട്: പുതുക്കാട് സെന്ററില്‍ മാലിന്യം തള്ളിയ തട്ടുകട ഉടമയേയും സഹായികളേയും പുതുക്കാട് പോലീസ് പിടികൂടി. നെന്മണിക്കര തൊട്ടിപ്പറമ്പില്‍ ചന്ദ്രന്, സഹായികളായ നെന്മണിക്കര കിഴുക്കാരന് സേവ്യര്‍, പുതുക്കാട് കിഴിക്കാടന് ജസ്റ്റിന് എന്നിവരാണ് അറസ്റ്റിലായത്.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധം പൊതുസ്ഥലത്ത് ഹോട്ടല്‍ മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചു എന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ഹോട്ടലിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങള്ക്കരികിലെ കാനയില്‍ മാലിന്യം തള്ളിയത്. ദുര്‍ഗന്ധം ഉയര്‍ന്നതോടെയാണ് സമീപത്തുള്ളവര്‍ മാലിന്യം തള്ളിയ വിവരമറിഞ്ഞത്. പിന്നീട് പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.
പുതുക്കാട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ കാനകളിലും സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിലും തള്ളുകയാണ് പതിവ്. മാലിന്യം നീക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്ത തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
പുതുക്കാട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡേവിസ്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: