തിരുവനന്തപുരം: അശാസ്ത്രീയ നിര്‍മ്മാണത്തില്‍ മ്യൂസിയത്തിനുള്ളിലെ അരനൂറ്റാണ്ടിലധികം പഴക്കമുള്ളകെട്ടിടം തകര്‍ന്നു. നേച്ചര്‍ ഹിസ്റ്ററി മ്യൂസിയ (പ്രകൃതി ചരിത്ര പ്രദര്‍ശനാലയം) ത്തിന്റെ ഇരുനില കെട്ടിടമാണ് പൊളിഞ്ഞത്. ബലം പരിശോധിക്കാതെ എയര്‍കണ്ടീഷന്‍ സ്ഥാപിച്ചതോടെ കെട്ടിടത്തിന്റെ പാരപ്പെറ്റ് തകര്‍ന്നുവീഴുകയായിരുന്നു. ആറ് എസിയും താഴേക്ക് പതിച്ചു. മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം.
ശനിയാഴ്ച രാവിലെ എട്ടരമണിയോടെയാണ് കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന എസികളും കൂള്വാളും പാരപ്പെറ്റും താഴേക്ക് പതിച്ചത്. 1958ല്‍ തറക്കല്ലിട്ട് 1964ല്‍ തുറന്നുകൊടുത്ത ഇരുനില കെട്ടിടത്തിലാണ് നേച്ചര്‍ ഹിസ്റ്ററിന്മ്യൂസിയം ആരംഭിച്ചത്. ഉറുമ്പുകള്‍ മുതല്‍ നീലത്തിമിംഗലം വരെയുള്ള ജന്തുലോകത്തെ ജീവികളെക്കുറിച്ചു എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.
ആറ് വര്‍ഷം മുമ്പാണ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റം സ്ഥാപിച്ചത്. അതിനായി പൊതുമരമാത്ത് വകുപ്പ് കെട്ടിട വിഭാഗം പരിശോധിക്കുകയും സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ബലം കെട്ടിടത്തിന് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 21 ടണ്‍ കൂളിംഗ് സിസ്റ്റത്തിനായി വിവിധ കപ്പാസിറ്റിയിലുള്ള എട്ട് എസികളും കൂള്‍ വാളുകളുകളും കെട്ടിടത്തില്‍ ഘടിപ്പിച്ചു. പാരപ്പെറ്റിലും ചുവരുകളിലും ക്ലാമ്പുകള്‍ ഘടിപ്പിച്ചായിരുന്നു നിര്‍മ്മാണം. എന്നാല്‍ കൂളിംഗ് സിസ്റ്റത്തിന്റെ ഭാരം താങ്ങാന്‍ ചുടുകല്ലിലും ചുണ്ണാമ്പ് ചുവരിലും സ്ഥാപിച്ച കെട്ടിടത്തിന് സാധിച്ചില്ല.
എട്ട് എസികളില്‍ ആറെണ്ണം നിലത്തുവീണു. രണ്ടെണ്ണം ഏത് നിമിഷവും നിലത്തുവീഴും. പാരപ്പെറ്റ് പൂര്‍ണമായും തകര്‍ന്നു. കൂള്‍ വാളും നിലംപതിച്ചു. ചുവരുകളിലെ ചുണ്ണാമ്പ് ഭാഗവും നശിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. തകര്‍ന്ന ഭാഗത്ത് ഇപ്പോള്‍ ടാര്പ്പോളിന് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. അതേസമയം സന്ദര്‍ശകരെ കെട്ടിടത്തിലേക്ക് കടത്തിവിടുന്നുണ്ട്. കെട്ടിടത്തിന് ചോര്‍ച്ചയുണ്ട്. മഴവെള്ളം മ്യൂസയത്തിനകത്തേക്ക് പതിക്കുന്നുണ്ട്. അതിനിടയില്‍ കെട്ടിടത്തില്‍ സോളാര്‍ പാനലും സ്ഥാപിച്ചിരുന്നു. ചോര്‍ച്ചയ്ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കെട്ടിടം മുഴുവന്‍ തകര്‍ന്നു വീഴുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: