ചേര്‍ത്തല: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദുവിശ്വാസങ്ങളെയും ദൈവങ്ങളെയും ആക്ഷേപിച്ചത് ആര്‍ക്കും നീതീകരിക്കാനാവില്ലെന്ന് എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് സംസ്ഥാന നേതൃസംഗമം ചേര്‍ത്തല കരപ്പുറം റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. പദവിയുടെ മഹത്വം ഷംസീര്‍ തിരിച്ചറിയണം. കവലപ്രസംഗത്തിന്റെ നിലവാരത്തിലേക്ക് തരംതാഴരുത്. ശാസ്ത്രവും വിശ്വാസവും രണ്ടാണെന്ന് മനസിലാക്കാനുള്ള മിനിമം യോഗ്യതയെങ്കിലും സ്പീക്കര്‍ക്ക് വേണം. സ്കൂള്‍ വിദ്യാര്‍ഥികളുടെ ചടങ്ങില്‍ ഹിന്ദുമതത്തെ ആക്ഷേപിക്കുന്ന രീതിയില്‍ പെരുമാറിയത് നീതീകരിക്കാനാവില്ല. കേരളത്തില്‍ അടുത്തിടെയുണ്ടായ ചില മുദ്രാവാക്യങ്ങള്‍ ഹൈന്ദവര്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതല്ല. ആ ഭയപ്പാടിന് ആഴം കൂട്ടുന്നതായി ഷംസീറിന്റെ പരാമര്‍ശങ്ങള്‍, തുഷാര്‍ പറഞ്ഞു.
നാമജപ യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്തത് ഗൗരവത്തോടെ കാണണം. ഹിരണ്യകശിപുവിന്റെ ചരിത്രം ഷംസീര്‍ പഠിക്കുന്നത് നല്ലതാണ്.
ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്. യോജിക്കാവുന്ന മേഖലകളിലെല്ലാം വിവിധ സമുദായങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. ഭീതിവളര്‍ത്തി ഭൂരിപക്ഷ സമൂഹത്തെ കീഴടക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങള്‍ പൊതുസമ്പത്ത് കൊള്ളയടിക്കുകയാണ്. അതിനെ നേരിടണമെങ്കില്‍ ഒറ്റക്കെട്ടായി നിന്നേ മതിയാവുകയുള്ളൂ. ഭൂരിപക്ഷ സമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തിയാണ് ഇത്രയും കാലം സംഘടിത ന്യൂനപക്ഷങ്ങളും വിവിധ സര്‍ക്കാരുകളും ചൂഷണം ചെയ്തത്. ഇനിയും ഈ കെണിയില്‍ വീഴരുത്. തുഷാര്‍ പറഞ്ഞു. എ.ജി. തങ്കപ്പന് അധ്യക്ഷനായി. സന്തോഷ് അരയാക്കണ്ടി, കെ. പദ്മകുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്, അഡ്വ. സിനില്‍ മുണ്ടപ്പള്ളില്‍, എ.എന്‍. അനുരാഗ്, അനിരുദ്ധ് കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: