മണ്ണാര്‍ക്കാട്: അട്ടപ്പാടി അഗളിയില്‍ വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. പരപ്പുന്തുറ കരുവടം പ്രദേശത്താണ് വ്യാഴാഴ്ച രാത്രി എട്ടോടെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ വാഹനത്തിലുണ്ടായിരുന്നു. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പരപ്പുന്തറയില് നിന്ന് ചീരക്കടവ് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. വാഹനത്തിനുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. കൊമ്പ് മുന്‍ഭാഗത്ത് കുത്തിയിറക്കി വാഹനം മറിച്ചിടാന്‍ ശ്രമിച്ചതോടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. ശബ്ദകോലാഹലത്തെ തുടര്‍ന്ന് പിന്തിരിഞ്ഞ കാട്ടാന തിരിച്ചെത്തി വീണ്ടും കുത്തിമറിച്ചിടാന്‍ ശ്രമിച്ചു. ഏതാനും സമയം വാഹനത്തിനു മുന്നില്‍ നിലയുറപ്പിച്ച ആന വനത്തിലേക്ക് പിന്‍വാങ്ങി.
ബുധനാഴ്ചയും യാത്രികര്‍ക്കുനേരെ ഈ ഒറ്റയാന്റെ ആക്രമണമുണ്ടായിരുന്നു. പരപ്പുന്തറ മണികണ്ഠന്റ നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഒറ്റയാന് തകര്‍ത്തു. ഫെന്‍സിങ് സംവിധാനമുള്ള കൃഷിയിടത്തിലേക്ക് ഓടിക്കയറിയതിനാല്‍ ജീവന് രക്ഷിക്കാനായി എന്ന് മണികണ്ഠന് പറയുന്നു. വീഴ്ചയില്‍ നിലത്തുവീണ മൊബൈല്‍ ഫോണില്‍ വെളിച്ചം വന്നതോടെ 30,000 രൂപ വിലവരുന്ന ഫോണ്‍ കാട്ടാന ചവിട്ടിയരച്ചു. തലനാരിഴക്ക് ജീവന് തിരിച്ചുകട്ടിയ സന്തോഷത്തിലാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: