ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ പന്ത്രണ്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊന്ന് ഇഷ്ടിക ചൂളയിലിട്ട് കത്തിച്ചു. ചൂളയില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച വൈകിട്ട് ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകിയും എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിലാരംഭിച്ചു. തെരച്ചിലിനിടയില്‍ പെണ്‍കുട്ടിയുടെ ഒരു വള ചൂളയ്ക്കരികില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസെത്തി ചൂള വിശദമായി പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ഇതുപോലെ മുന്‍പും നടന്നിട്ടുണ്ടാകാമെന്നും കൂടുതല്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ചൂളയില്‍ കത്തിച്ചിട്ടുണ്ടാകാമെന്നും നാട്ടുകാര്‍ ആരോപിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ പെണ്‍കുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധമാരംഭിച്ചു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാനിലെ സ്ത്രീസുരക്ഷ തമാശയായി മാറിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് വിക്രം ഗൗഡ പ്രതികരിച്ചു. ആല്‍വാറില്‍ സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ബന്‍സുരില്‍ സ്കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമുള്പ്പെടെയുള്ള സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പന്ത്രണ്ടുകാരിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ രാജസ്ഥാനിലും സമാന സംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇവിടെ രേഖപ്പെടുത്തി. കൂടാതെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര സിങ് ഗൂഡ തുറന്നടിച്ചിരുന്നു. തുടര്‍ന്ന് ഗൂഡയെ നിയമസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: