ന്യൂദല്‍ഹി: ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്ത പോലീസ് നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ കേരള പോലീസിന് ആയിരംവട്ടം ആലോചിക്കണമെന്നും എന്‍എസ്എസിന്റെ നാമജപഘോഷയാത്രക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് എടുത്തെന്നും വി. മുരളധരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ കേരള പോലീസിന് ആയിരംവട്ടം ആലോചിക്കണം! എന്‍എസ്എസിന്റെ നാമജപഘോഷയാത്രക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് !ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസെടുത്തത്, ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണെന്ന് ഓര്‍ക്കണം…
ഭഗവാന്റെ നാമം ജപിച്ച് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കലാപക്കുറ്റമടക്കം ചുമത്താന്‍ പിണറായിയുടെ പോലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല…ശബരിമല വിഷയത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയെടുത്ത കേസ് ഇനിയും പിന്‍വലിക്കാന്‍ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ തയാറായിട്ടില്ല..
രണ്ട് ദശകത്തിലേറെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപ്പുരയായ ഗ്രീന്‍വാലിക്ക് സംരക്ഷണം നല്കിയവരും ഇവരാണെന്ന് മറക്കരുത്… കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങള്‍ പൂര്‍ണമായി ലംഘിക്കുകയാണ് മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍…
പക്ഷേ ‘അവസരവാദി ബുദ്ധിജീവി സമൂഹവും മതനിരപേക്ഷതക്കാരും’ ഇതിനോട് കുറ്റകരമായ മൗനം പുലര്‍ത്തുന്നു…മന്നത്ത് പത്മനാഭന്റെ പിന്തലമുറക്കാരെ സിപിഎം നേതാക്കള്‍ നിരന്നുനിന്ന് ആക്ഷേപിക്കുമ്പോളും ഇക്കൂട്ടര്‍ കണ്ടതായി ഭാവിക്കുന്നില്ല..
ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സ്പീക്കറോട് നിയമസഭയില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനും ഇനിയും ഉത്തരമില്ല…
NB: ‘സംഘപരിവാര്‍ വര്‍ഗീയത പറയുന്നേ’ എന്ന് വിലപിച്ച് ഓടിയെത്താന്‍ പോവുന്നവരോട്, ഞാന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യും. പക്ഷേ അതിന് ഇതരമത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന സമീപനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: