മണിപ്പൂരിലെ കലാപത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കപട മതേതരവാദികളുടെ ശ്രമം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ്. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ ലഹളയല്ലെന്നും, ഗോത്രവര്‍ഗങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലാണെന്നും ക്രൈസ്തവ മതമേധാവികള്‍തന്നെ വ്യക്തമാക്കിയതോടെ കലാപത്തിന്റെ പേരില്‍ കേരളത്തിലടക്കം വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചവര്‍ക്ക് ഉത്തരം മുട്ടിയിരിക്കുന്നു. എന്നിട്ടും ജനങ്ങളില്‍നിന്ന് തങ്ങളുടെ തനിനിറം മറച്ചുപിടിക്കാന്‍ ഏകപക്ഷീയമായ ദുഷ്പ്രചാരണം ബിജെപിവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തുടരുകയാണ്. മെയ്തേയ്-കുക്കി ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയാണ് കലാപത്തിന്റെ യഥാര്‍ത്ഥ കാരണമെന്നും, ഈ വസ്തുത എല്ലാവരും മനസ്സിലാക്കണമെന്നും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നേരത്തെ പറയുകയുണ്ടായി. ഇതിനെ പിന്തുണച്ച് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പുതന്നെ രംഗത്തുവന്നിരിക്കുന്നു. മണിപ്പൂരിലേത് വര്‍ഗീയകലാപമായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും, ഇതിനായി ബോധപൂര്‍വം മതം കലര്‍ത്തുകയാണെന്നും സംഘര്‍ഷ മേഖലയില്‍ കഴിയുന്ന ഇംഫാല്‍ ബിഷപ്പ് പറയുമ്പോള്‍ അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കുക്കി-മെയ്തേയ് ഗോത്രങ്ങള്‍ തമ്മിലെ സംഘര്‍ഷം ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണമായി കാണേണ്ടതില്ലെന്നു പറഞ്ഞ ഈ മതമേലധ്യക്ഷന്, ഇംഫാലില്‍ നിരവധി പള്ളികള്‍ സുരക്ഷിതമായി നില്ക്കുന്നതും, നാഗവിഭാഗത്തിന്റെ പള്ളികള്‍ ആക്രമിക്കപ്പെടാത്തതും ഇതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അതേസമയം മെയ്തേയ് വിഭാഗത്തിലെ ക്രൈസ്തവ പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുമുണ്ട്.
മണിപ്പൂരിലേത് ഗോത്രവര്‍ഗ പദവി നല്കുന്നതിന്റെയും സംവരണത്തിന്റെയും പ്രശ്നമാണെന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. മെയ്തേയ് വിഭാഗങ്ങള്‍ക്ക് ഗോത്രവര്‍ഗ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നിയമപരമായി പരിഹാരം തേടാവുന്ന ഒരു പ്രശ്നമായിരുന്നിട്ടും അതിനു നില്‍ക്കാതെ പ്രശ്നത്തെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചതില്‍ തീര്‍ച്ചയായും ഗൂഢാലോചനയുണ്ട്. ഇതിനു പിന്നില്‍ ശത്രുരാജ്യങ്ങളുടെ ഇടപെടല്‍ നടന്നതായുള്ള സംശയം ബലപ്പെടുകയാണ്. മണിപ്പൂരിലേത് മതസംഘര്‍ഷമാണെന്നും, ഹിന്ദുക്കളായ മെയ്തേയികള്‍ ക്രൈസ്തവരായ കുക്കികളെ ഭരണകൂടത്തിന്റ പിന്തുണയോടെ വംശഹത്യ ചെയ്യുകയാണെന്നുമുള്ള പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു. കലാപത്തിന്റെ ഇരകള്‍ ക്രൈസ്തവര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നത് ബോധപൂര്‍വമാണ്. കലാപം മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചാല്‍ അവിടങ്ങളില്‍ ക്രൈസ്തവരുടെ പിന്തുണയുള്ള ബിജെപി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താമെന്നും, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളുള്ള ഈ മേഖലയിലെ വിധിയെഴുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന് എതിരാക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടിയാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബഹളമുണ്ടാക്കുന്നത്. പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അതിന് നില്‍ക്കാതെ പ്രതിപക്ഷം ഓടിയൊളിച്ചത് തങ്ങളുടെ കാപട്യവും ഇരട്ടത്താപ്പും വിദ്വേഷ രാഷ്ട്രീയവും പുറത്താകും എന്നതിനാലാണ്. മണിപ്പൂര്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവരാണ് ഇങ്ങനെ മലക്കം മറിഞ്ഞത്.
കേരളത്തില്‍ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ട് മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുകയാണ്. ജനങ്ങളെ നുണപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങൡലേതുപോലെ കേരളത്തിലും മതന്യൂനപക്ഷങ്ങള്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിഞ്ഞ ക്രൈസ്തവ മതമേധാവികള്‍ ബിജെപിയോട് തങ്ങള്‍ക്ക് പ്രത്യേകിച്ച് അയിത്തമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ വലിയ അപകടം മണത്താണ് ഇടതു-വലതു മുന്നണികള്‍ ഇവിടെയും മണിപ്പൂര്‍ ആളിക്കത്തിക്കാന്‍ തീരുമാനിച്ചത്. ക്രൈസ്തവസഭകളില്‍പ്പെടുന്ന ചിലരെ സ്വാധീനിക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. ഇവരാണ് വസ്തുതാവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. എന്നാല്‍ മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു-ക്രൈസ്തവ മത കലാപമാണെന്ന പ്രചാരണം തെറ്റാണെന്ന് അവിടുത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ ക്ഷത്രിമായം സാന്റ തന്നെ പറഞ്ഞതോടെ സിപിഎമ്മും ഇടതുമുന്നണിയും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായെങ്കിലും അതിനു കാരണം മതമല്ലെന്ന് മണിപ്പൂരിലെ സിപിഎം ഉറച്ചു വിശ്വസിക്കുമ്പോള്‍ കേരളത്തിലെ സിപിഎം ഇതിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നതിന്റെ സങ്കുചിത രാഷ്ട്രീയം ക്രൈസ്തവ വിശ്വാസികള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: