എസ്.കെ
കുടുംബജീവിതവും ആദ്ധ്യാത്മിക ജീവിതങ്ങളും പരസ്പര വിരുദ്ധങ്ങളാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ആദ്ധ്യാത്മികം എന്നാല്‍ ലൗകികത്തില്‍ നിന്നുള്ള ഒളിച്ചോടലോ അതിന്റെ നിരാസമോ അല്ല. ‘സംസാരനാശിനിയായ’ വിദ്യ അഭ്യസിച്ചവര്‍ക്ക് രണ്ടും പരിപൂരകങ്ങളായി കൊണ്ടു പോകാമെന്ന് രാമായണം പഠിപ്പിക്കുന്നു. സംസാരജീവിതത്തിലുള്ള അന്ധവും അമിതവുമായ ഭ്രമം ഒഴിവാക്കുന്നത് എന്നാണ് സംസാരനാശിനി എന്ന വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ലൗകികജീവിതം സുഖദുഃഖസമ്മിശ്രമാണ്. രണ്ടും എപ്പോള്‍ വരുമെന്ന് അറിയാനാവില്ല. ആയുഃസ്ഥിരതയില്ലാത്ത മര്‍ത്യജന്മം ക്ഷണഭംഗുരമാണ്. ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളി പോലെയും പച്ചമണ്ണുകൊണ്ടുണ്ടാക്കിയ കുടത്തിലെ വെള്ളം പോലെയുമാണ് ജീവിതം എന്ന് രാമായണം പറയുന്നത്, അത് ഏതു നിമിഷവും അവസാനിക്കാമെന്ന യാഥാര്‍ഥ്യം സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്നവരുടെ മനസ്സില്‍ പതിയാനാണ്. ഇവയെല്ലാം ഉള്‍ക്കൊണ്ട് ലൗകികജീവിതം നയിക്കുന്നവര്‍ക്കേ സമാധാനവും സംതൃപ്തിയും ലഭിക്കൂ.
”ഇഷ്ടമായുള്ളതുതന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം”
അറിവുള്ളവര്‍ വരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവര്‍ ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍പ്പോലും തളര്‍ന്നു പോകുന്നു.
ആധ്യാത്മികതയുടെയും ലൗകികതയുടെയും സമഞ്ജസമായ സമ്മേളനം കൊണ്ട് ധന്യമാണ് പല മഹര്ഷിവര്യന്മാരുടെയും ജീവിതം. വസിഷ്ഠനും അരുന്ധതിയും, അത്രിയും അനസൂയയും -ഇവരുടെയെല്ലാം ജീവിതത്തില്‍ നാം കാണുന്നത് പവിത്രമായ ഈ സമന്വയത്തിന്റെ സന്ദേശമാണ്. സ്വയംവരാനന്തരം സീതയ്ക്ക് പതിവ്രതാധര്മങ്ങള് ഉപദേശിച്ചു കൊടുക്കുന്നത് രാജര്‍ഷിയായ ജനകനാണ്!
വനവാസത്തിനിടയില്‍ അത്രി മഹര്‍ഷിയുടെ ആശ്രമത്തിലെത്തിയ സീതയെ അനസൂയ യാത്രയാക്കുന്നത്
”നന്നു പാതിവ്രത്യമാശ്രിത്യ രാഘവന്
തന്നോടുകൂടി നീ പോന്നതുമുത്തമം
കാന്തിനിനക്കുകുറയായ്കൊരിക്കലും
കാന്തനാകും തവ വല്ലഭന് തന്നൊടും
ചെന്നു മഹാരാജധാനിയകം പുക്കു
നന്നായ് സുഖിച്ചു സുചിരം വസിക്ക നീ”
എന്ന് അനുഗ്രഹിച്ചുകൊണ്ടാണ്.
ഗൃഹസ്ഥാശ്രമികള്‍ ധര്മമാര്ഗത്തില് നിന്ന് വ്യതിചലിക്കാതെ, അവരുടെ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം ആസ്വദിക്കണമെന്നതാണ് ഇവയുടെയെല്ലാം അന്തസ്സത്ത. ദമ്പതിമാരും മക്കളും അവരുടെ ചുമതലകള്‍ അര്‍പ്പണബോധത്തോടെ നിറവേറ്റണം.
”ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വര്‍ജിക്കയും വേണ്ട”
ഗൃഹസ്ഥാശ്രമികള്ക്കുള്ള സമഗ്രമായ ജീവിതപാഠം ഈ രണ്ടുവരികളില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. സുഖഭോഗങ്ങളില്‍ അമിതമായ ആസക്തി പാടില്ല. എന്നാല്‍ വിധിവശാല്‍ വന്നു ചേരുന്ന ന്യായമായ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന, സുഖഭോഗങ്ങള്‍ അനുഭവിക്കാം. സുഖഭോഗങ്ങള്‍ക്കായി അന്യായമായ മാര്‍ഗങ്ങള്‍ തേടി കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും സ്വസ്ഥതയും തകര്‍ക്കുന്നവര്‍ക്ക് ഈ വരികള്‍ ആത്മപരിശോധനയ്ക്ക് പ്രേരകമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: