മുംബൈ: ലോക് മാന്യതിലക് അവാര്‍ഡ് സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ വേദിയില്‍ മുഖ്യാതിഥിയായി എന്‍സിപി നേതാവ് ശരത് പവാറും. ഇതിനെച്ചൊല്ലി ശരത് പവാറിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി മുന്നണിയുടെ ഭാഗമായ ഉദ്ധവ് താക്കറെ ശിവസേന പക്ഷവും കോണ്‍ഗ്രസും.
മികച്ച നേതൃത്വത്തിന് മോദിയ്ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് മോദിയെ അംഗീകരിക്കുന്നതിന് തുല്യം
മോദിയുടെ മികച്ച നേതൃത്വത്തിന് അംഗീകാരമെന്ന നിലയ്ക്കും ഇന്ത്യക്കാര്‍ക്കിടയില്‍ രാജ്യസ്നേഹം വളര്‍ത്തിയതിനുമാണ് ഈ അവാര്‍ഡ് മോദിയ്ക്ക് ലോകമാന്യ തിലക് ട്രസ്റ്റ് നല്‍കുന്നത്. ആ അവാര്‍ഡ് ദാന ചടങ്ങില്‍ ശരത് പവാര്‍ പങ്കെടുക്കുക എന്നതിനര്‍ത്ഥം മോദിയുടെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചു എന്നത് തന്നെയാണ്.
ചൊവ്വാഴ്ച വേദിയില്‍ കണ്ടുമുട്ടിയ ശരത്പവാറും മോദിയും പരസ്പരം സംസാരിക്കുകയും നര്‍മ്മം പങ്കിടുകയും ചെയ്തിരുന്നു. മോദി അവാര്‍ഡ് സ്വീകരിച്ച ശേഷമാണ് ശരത് പവാര്‍ പ്രസംഗിച്ചത്. മോദി ഈ അവാര്‍ഡ് സ്വീകരിച്ചതില്‍ അഭിനന്ദനമെന്ന് ശരത് പവാര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും പതിവില്‍ കവിഞ്ഞ കരഘോഷം.
ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷം അവരുടെ മുഖപത്രമായ സാമ് നയില്‍ ശരത് പവാറിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മോദിയെ ആദരിക്കുന്ന വേദിയില്‍ ശരത് പവാര്‍ പങ്കെടുത്തത് തിര്‍ച്ചയായും ഒരു തര്‍ക്കവിഷയം തന്നെയാണെന്നാണ് സാമ് ന ദിനപത്രം എഴുതിയത്. എന്‍സിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുമ്പോള്‍ ശരത് പവാര്‍ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
ശരത് പവാറിനെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെയുടെ മുഖപത്രം
മോദിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശരത് പവാറില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും ഉദ്ധവ് താക്കറെയുടെ പത്രം എഴുതി. ശരത് പവാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് ബിജെപിയ്ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് മങ്ങലേല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന് അഭിപ്രായപ്പെട്ടു. മോദി പങ്കെടുക്കുന്ന ചടങ്ങിനെതിരെ പ്രതിഷേധപ്രകടനം നടത്താന്‍ സാധ്യതയുള്ള പല എന്‍സിപി നേതാക്കള്‍ക്കും നേതത്തെ തന്നെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എങ്കിലും കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോകമാന്യതിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്റെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശരത് പവാര്‍. ഈ ട്രസ്റ്റാണ് സ്വാതന്ത്ര്യസമരനേതാവായ ലോകമാന്യതിലകിന്റെ പേരിലുള്ള അവാര്‍ഡ് മോദിയ്ക്ക് നല്കായിത്. പവാര്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും ശക്തമായ സമ്മര്‍ദ്ദം ശരത് പവാറിന് മേല്‍ ഉയര്‍ത്തിയിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശരത് പവാറും മോദിയും ഒരു സ്റ്റേജില്‍ ഒത്തുചേര്‍ന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ മോദിയ്ക്കെതിരായ ഐക്യത്തിന്റെ ആണിക്കല്ലായിരുന്നു ശരത് പവാര്‍. ബെംഗളൂരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ അതിന്റെ പ്രധാന ആസൂത്രകനാകേണ്ട പവാറിന് പക്ഷെ മഹാരാഷ്ട്രയില്‍ മരുമകന് അജിത് പവാറില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നതോടെ ചടങ്ങില്‍ തന്നെ എത്താനായില്ല. അതിന് ശേഷമാണ് അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ പ്രധാന നേതാക്കള്‍ മന്ത്രിമാരായി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഈ സംഭവത്തിന് ശേഷം ശരത് പവാര്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അടുത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മഹാരാഷ്ട്രയില്‍ ചേരാനിരിക്കെയും ശരത് പവാറിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. അതിനിയിലാണ് മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ശരത് പവാറും പങ്കെടുത്തത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ് നാവിസ്,, അജിത് പവാര്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബെയ്സ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: