കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിന് പിിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മനുഷ്യന്റെ ഉടലും ആനയുടെ തലയും ഉള്ള ഗണപതി വെറും മിത്താണെന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കിയാൽ ഷംസീറിന്റെ പരാമർശത്തിൽ പ്രശ്നങ്ങളില്ലെന്നുമായിരുന്നു ഗോവിന്ദൻ പ്രതികരിച്ചത്.
മിത്തുകൾ ചരിത്രത്തിന്റെ ഭാഗമായി മാറ്റാൻ പാടില്ല. സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം. ശാസ്ത്രീയ നിലപാടാണ് ഷംസീർ സ്വീകരിച്ചിട്ടുളളതെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പും, രാജിയും ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങളോട് പ്രതികരിക്കാൻ സാധിക്കില്ലെന്നും ഷംസീർ രാജിവെക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് രംഗത്തുവന്നിരുന്നു. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.
ഷംസീറിന്റെ പ്രസ്താവന അതിരുകടന്നതാണെന്നും വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നുമായിരുന്നു ജി.സുകുമാരൻ നായർ പ്രസ്താവിച്ചത്.
ഷംസീറിന്റെ വിവാദ പ്രസംഗം
ഗണപതി ഭഗവാനെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഷംസീറിന്റെ പ്രസ്താവന. “വിവര സാങ്കേതിക വിദ്യ കാലമാണിത്. ഈ കാലത്തും മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസത്തിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ശരിയല്ല”- ഇതായിരുന്നു സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസംഗം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാലഘട്ടത്തില്‍ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സ്പീക്കറുടെ ഈ വിവാദ പരാമര്‍ശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: