ന്യൂദല്‍ഹി: യുഎസില്‍ നിന്നും അടുത്തിടെ ഇന്ത്യയിലേക്ക് മടക്കിയെത്തിച്ച പുരാവസ്തുക്കള്‍ 2500 മുതല്‍ 250 വര്‍ഷം വരെ പഴക്കമുള്ളവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ ചൂണ്ടിക്കാട്ടി.ഈ പുരാവസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ടെറാക്കോട്ട, കല്ല്, ലോഹം, മരം എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 11-ാം നൂറ്റാണ്ടിലെ മനോഹരമായ ഒരു മണല്‍ക്കല്ല് ശില്‍പവും ഒരു ‘അപ്‌സര’ നൃത്തശില്‍പവും ഇവയില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചോളകാലത്തെ പല വിഗ്രഹങ്ങളും മടക്കിയെത്തിച്ചവയിലുണ്ട്.
ദേവിയുടെയും മുരുകന്റെയും വിഗ്രഹങ്ങള്‍ 12-ാം നൂറ്റാണ്ടിലേതാണ്. അവ തമിഴ്‌നാടിന്റെ സമ്പന്നമായ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ള ഗണപതിയുടെ വെങ്കല പ്രതിമയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
ലളിതാസനത്തിലുള ഉമാ-മഹേശ്വര വിഗ്രഹം തിരികെ ലഭിച്ചതായി മോദി പറഞ്ഞു. ജൈന തീര്‍ത്ഥങ്കരരുടെ രണ്ട് ശിലാവിഗ്രഹങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വിലപ്പെട്ട പൈതൃകം തിരികെ നല്‍കിയതിന് പ്രധാനമന്ത്രി യുഎസ് സര്‍ക്കാരിന് നന്ദി പറഞ്ഞു. 2016ലും 2021ലും താന്‍ യുഎസ് സന്ദര്‍ശിച്ചപ്പോഴും നിരവധി പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെയെത്തിയതായും അദ്ദേഹം പറഞ്ഞു.ഇത്തരം ശ്രമങ്ങളിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം മോഷ്ടിക്കുന്നത് തടയാന്‍ രാജ്യത്ത് ബോധവല്‍ക്കരണമുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നിതി മന താഴ്വരയിലെ സ്ത്രീകള്‍ ‘ഭോജ്പത്ര’യെക്കുറിച്ച് എഴുതിയ കത്തിനെയും മോദി പരാമര്‍ശിച്ചു. പുരാതന കാലം മുതല്‍ ഈ ഭോജപത്രങ്ങളില്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാഭാരതം എഴുതിയതും ഭോജ്പത്രയിലാണ്. ഉത്തരാഖണ്ഡിലെ ഈ സ്ത്രീകള്‍ ഭോജ്പത്രയില്‍ നിന്ന് വളരെ മനോഹരമായ പുരാവസ്തുക്കളും സുവനീറുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്നത്ര പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു പ്രധാനമന്ത്രി. ഭോജ്പത്രയില്‍ നിന്ന് നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഹജ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ മുസ്ലീം സ്ത്രീകള്‍ എഴുതിയ മറ്റൊരു കത്തിനെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. നാലായിരത്തിലധികം സ്ത്രീകള്‍ ഹജ്ജ് നിര്‍വഹിച്ചത് പുരുഷ കൂട്ടാളികളില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിന് സാഹചര്യമൊരുക്കിയ സൗദി സര്‍ക്കാരിന് മോദി നന്ദി അറിയിച്ചു. ആണ്‍തുണയില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കായി പ്രത്യേകം വനിതാ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: