മിഷിഗണ്‍: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ്(എകെഎംജി) പ്രസിഡന്റായി ഡോ. സിന്ധു പിള്ള (കാലിഫോര്‍ണിയ) തെരഞ്ഞെടുക്കപ്പെട്ടു.
മിഷിഗണിലെ ഗ്രാന്‍ഡ് റാപ്പിഡ്സില്‍ നടന്ന 44-ാമത് കണ്‍വെന്‍ഷനിലാണ് ശിശുരോഗ വിദഗ്ധയായ ഡോ. സിന്ധു പിള്ളയെ തെരഞ്ഞടുത്തത്.
വടക്കേ അമേരിക്കയിലെയും കാനഡയിലെയും ആദ്യത്തേതും ഏറ്റവും വലുതുമായ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് എകെഎംജി.4 പതിറ്റാണ്ടുകളായി വിദ്യാഭ്യാസ, സാംസ്കാരിക, മാനുഷിക സേവനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. അടുത്ത എകെഎംജി കണ്വെന്ഷന്, 2024 ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ സാന്‍ ഡീഗോ സിഎയിലെ ഹില്‍ട്ടണ്‍ ബേ ഫ്രണ്ട് ഹോട്ടലില്‍ സംഘടിപ്പിക്കും.
രണ്ടു പതിറ്റാണ്ടിലേറെയായി എകെഎംജിയുടെ സജീവ അംഗമാണ് ഡോ. സിന്ധുപിള്ള.
ആലപ്പുഴ സ്വദേശിയായ ഡോ. സിന്ധുപിള്ള. 1991 മുതല്‍ യു.എസ്.എ.യിലാണ് താമസിക്കുന്നത്. ആലപ്പുഴയിലെ ടി ഡി മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദവും ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ പീഡിയാട്രിക്സില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി. ലോമ ലിന്‍ഡ മെഡിക്കല്‍ സെന്ററിലെ റെഡ്ലാന്‍ഡ്സിലെ ഫാമിലി പ്രാക്ടീസ് റെസിഡന്‍സി പ്രോഗ്രാമിന്റെ അറ്റന്‍ഡിംഗ് ഫിസിഷ്യനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍കാല നേതാക്കളുടെ അഭിനിവേശത്തോടും അര്‍പ്പണബോധത്തോടും കൂടിയുള്ള പാത പിന്തുടരുമെന്നും അധ്യക്ഷ പദവിയെ വളരെ അന്തസ്സോടും ഉത്തരവാദിത്തത്തോടും കൂടി ഗൗരവമായി കാണുന്നുവെന്നും ഡോ സിന്ധുപിള്ള. പറഞ്ഞു.
ഡോ. ദീപു സുധാകരന് (പ്രസിഡന്റ് ഇലക്ട്),ഡോ.എലിസബത്ത് മാമ്മന്‍(വൈസ് പ്രസിഡന്റ്) ഡോ. തോമസ് രാജന് (സെക്രട്ടറി), ഡോ. ഷെല്ബിക്കുട്ടി (ട്രഷറര്‍ ) തുടങ്ങിയവര്‍ അടങ്ങുന്ന മികച്ച സംഘം എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മെന്റര്‍ഷിപ്പ് പ്രോഗ്രാം, ലീഡര്‍ഷിപ്പ് പ്രോഗ്രാം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാനുഷിക സേവനങ്ങള്‍, അത്യാധുനിക വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രോജക്ടുകള്‍ നടപ്പിലാക്കാനുണ്ട്. തിരുവനന്തപുരം ആര്‍സിസി യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അര്‍ത്ഥവത്തായ ഒരു പദ്ധതിയും അടുത്ത വര്‍ഷം ആസൂത്രണം ചെയ്യുമെന്ന് ഡോ സിന്ധുപിള്ള സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: