അമ്പലപ്പുഴ: സംസ്ഥാനത്തെ നാലാമത്തെ മെഡിക്കല്‍ കോളജും 50 വര്‍ഷത്തെ പാരമ്പര്യം ഉള്ളതുമായ ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെട്ടത് കാലാകാലങ്ങളില്‍ നല്കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചത് കൊണ്ടാണെന്ന് കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇപ്പോഴും 1962ലെ സ്റ്റാഫ് പാറ്റേണാണ് പിന്തുടരുന്നത്. ഇക്കാലയളവില്‍ ആദ്യകാല മെഡിക്കല്‍ കോളജുകളില്‍ ഒക്കെ ചികിത്സാ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും, അത്യാധുനിക ചികിത്സാ രീതികള്‍ സജ്ജമാക്കുകയും ചെയ്തു. എംബിബിഎസ് സീറ്റുകളുടെ എണ്ണവും രണ്ടിരട്ടിയിലധികം കൂടി. എന്നാല്‍ അതിന് ആനുപാതികമായി അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ചതുമില്ല.
ഉള്ള തസ്തികകളില്‍ തന്നെ 25 ശതമാനമെങ്കിലും ഒഴിഞ്ഞു കിടക്കുകയാണ്. അവ അടിയന്തര പ്രാധാന്യത്തോടെ നികത്തുന്നതിലും സമയബന്ധിതമായി പ്രൊമോഷന് നടത്തുന്നതിലും കാലതാമസം ഉണ്ടാകുന്നു. ഇത്തരത്തില്‍ അമിതജോലിഭാരം ഉള്ളപ്പോളാണ്, പുതുതായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ കാലക്രമേണ സ്ഥാപിക്കാന്‍ ആരംഭിച്ചത്. മെച്ചപ്പെട്ട ചികിത്സാ സൗകര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ആണ് ആരംഭിക്കേണ്ടത് എന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ നാമമാത്രമായ ഡോക്ടര്‍, നഴ്സിങ്, പാരമെഡിക്കല്‍ സ്റ്റാഫുമാരെ നിയമിച്ച് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുകയാണ് ചെയ്തത്.
എല്ലാ കോളജുകളിലും എന്‍എംസി ആധാര്‍ പഞ്ചിങ് ഏര്പ്പെടുത്തിയതിന്നാല് സമീപ ഭാവിയില്‍ തന്നെ മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും ഇതേ ഗതി വരും. എന്‍എംസി കണ്ടുപിടിച്ചാല്‍ കോളജിന്റെ അംഗീകാരം നഷ്ടപ്പെടും. അദ്ധ്യാപകരുടെ ലൈസന്‍സ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയും നഷ്ടപ്പെടും. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചിട്ട് മാത്രമേ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാവൂ. ഡ്യുവല്‍ അഡ്മിനിസ്ട്രേഷന് ഉടന്‍ നിര്‍ത്തലാക്കണം. മെഡിക്കല്‍ കോളജുകളുടെ വികസനം പ്രവര്‍ത്തനം, അംഗീകാരം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണിതെന്ന് കെജിഎംസിടിഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. നിര്‍മല്‍ ഭാസ്കര്‍, ജനറല്‍ സെക്രട്ടറി ഡോ.ടി. റോസ്നാരാബീഗം എന്നിവര്‍ പറഞ്ഞു.
സീറ്റ് നഷ്ടപ്പെടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിന് എംബിബിഎസ് സീറ്റുകള്‍ നഷ്ടമാകില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എംബിബിഎസ് സീറ്റുകളിലും അഡ്മിഷന് നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓള് ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍എംസി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന് സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: