ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. നഗരസഭ അധ്യക്ഷയ്ക്കെതിരെ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിന് ശേഷം രണ്ടുതവണ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കോണ്‍ഗ്രസ് വിളിച്ചെങ്കിലും നാലുപേര്‍ വിട്ടുനിന്നു. 9 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. രാജു ചാക്കോ, റെജി കേളമ്മാട്ട്, ഷൈനി ഷാജി, ബാബു തോമസ് എന്നിവരാണ് വിട്ടുനിന്നത്.
ഡിസിസി പ്രസിഡന്റ്, കെപിസിസി ജന.സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗങ്ങളില്‍ നിന്നാണ് ഇവര്‍ വിട്ടുനിന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നും ഡിസിസി അധ്യക്ഷനെ വിവരം അറിയിച്ചതായും പ്രാദേശിക നേതാക്കള്‍ പറയുന്നു.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുന്ന കാര്യം മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രാദേശികമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിട്ടു നിന്നവരില്‍ ചിലര്‍ അറിയിച്ചു. നഗരസഭാ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂട്ടായ ചര്‍ച്ചയിലൂടെയല്ല തീരുമാനമെന്നും ഇതിന് പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: