ലാഹോര്‍ : ആണ് സുഹൃത്തിനെ കാണാന്‍ രാജസ്ഥാനില്‍ നിന്നും പാകിസ്ഥാനിലെത്തിയ യുവതി അഞ്ജു മതം മാറി ഫാത്തിമയായി. മാത്രമല്ല പാക് സുഹൃത്തിനെ വിവാഹവും കഴിച്ചു.
ചൊവ്വാഴ്ച ദിര് അപ്പര്‍ ജില്ലാ കോടതിയില്‍ ശക്തമായ സുരക്ഷയിലാണ് വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ കൈലോര്‍ ഗ്രാമത്തില്‍ ജനിച്ച് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് യുവതി താമസിച്ചിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി.
നിയമാനുസൃതമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് 2019ല്‍ 34കാരിയായ അഞ്ജു 29 കാരനായ നസ്റുല്ലയെ പരിചയപ്പെടുന്നത്.
അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് വന്നത് പ്രണയത്തിനുവേണ്ടിയാണെന്നും തന്റെ പുതിയ വീട്ടില്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും പാകിസ്ഥാന് പൊലീസ് അറിയിച്ചു. ഒരു മാസത്തെ വിസയുള്ള അഞ്ജു ഓഗസ്റ്റ് 21 ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം അവള് പോയി ചാകട്ടെയെന്നാണ് അഞ്ജുവിന്റെ പിതാവ് വാര്‍ത്തയറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അഞ്ജുവിന് അപ്പര്‍ ദിര് സന്ദര്‍ശനത്തിന് മാത്രമായി 30 ദിവസത്തെ വിസ അനുവദിച്ചതായി അറിയിച്ച് ആഭ്യന്തര മന്ത്രാലയം ന്യൂദല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു.
നേരത്തേ തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണുളളതെന്നും അഞ്ജുവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നസ്റുളള പറഞ്ഞിരുന്നത്.
പാകിസ്ഥാനില്‍ നിന്ന് ഒരു മാസത്തോളം മുമ്പ് കാമുകനെ കാണാന്‍ നാല് മക്കളുമായി ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ കഥയ്ക്ക് സമാനമാണ് അഞ്ജുവിന്റേത്. പബ്ജി കളിക്കവെയാണ് ഇരുവരും പരിചയപ്പെട്ടത്. നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ സീമ മതം മാറി ഹിന്ദുവായി കാമുകനൊപ്പം ജീവിക്കുകയാണ് ഇപ്പോള്‍. ഗ്രേറ്റര്‍ നോയിഡയിലാണ് 30 കാരിയായ സീമയും 22 കാരനായ സച്ചിന് മീണയും താമസിക്കുന്നത്.
നാല് കുട്ടികളുമായി നേപ്പാള്‍ വഴി വിസയില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് നേരത്തേ സീമയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: