കേരളം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണക്കാലം കടന്നു പോകാന്‍ കുറഞ്ഞത് 8000 കോടി രൂപ വേണം. ശമ്പളം കൊടുക്കാന്‍ കണ്ടെത്തേണ്ടത് 3,398 കോടി. ക്ഷേമ പെന്ഷന് മൂന്നു മാസം നല്കാന് തീരുമാനിച്ചാല്‍ പോലും 1,700 കോടി വേണ്ടിവരും. ഇതിനു പുറമെ ബോണസും ഉത്സവ ബത്തയും അഡ്വാന്‍സ് തുകയും അനുവദിക്കണം. വിവിധ വകുപ്പുകള്‍ക്ക് നല്‍കേണ്ട ഉത്സവകാല ആനുകൂല്യങ്ങള്‍ക്കുള്ള തുക വേറെ. ഇതിനോടൊപ്പം കരാറുകാര്‍ക്ക് അടക്കം കുടിശിക കൊടുത്തു തീര്‍ക്കുകയും വേണം. കാലണ കൈവശമില്ല. സാമ്പത്തിക അരാജകത്വത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇത് സമ്മതിക്കാന്‍ സങ്കുചിത രാഷ്ട്രീയം സമ്മതിക്കുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതിരുന്നത് അതിനാലാണ്. ഇക്കാര്യം കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ്ചൗധരി ലോക്സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ഏതെങ്കിലും ഇളവുകള്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെക്കണ്ട് കത്തുനല്‍കിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറയുന്നു. സഹായമഭ്യര്‍ത്ഥിച്ച് കത്തു നല്കാന് എന്തിനിത്ര കാലതാമസം വരുത്തി എന്ന ചോദ്യമാണുയരുന്നത്. കേരളത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണിത്. ദൈനംദിന ചെലവുകള്‍ക്ക് യഥേഷ്ടം കടമെടുത്ത് മുന്നോട്ടു പോകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ചെലവുകള്‍ കുറയ്ക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാനറിയാത്ത ധനമന്ത്രിയും സംഘവുമാണ് സംസ്ഥാനത്തുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടം എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ പിണറായി ഭരണത്തില്‍ കടമെടുത്ത പണത്തിന്റെ ഏറിയ പങ്കും നിത്യനിദാന ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ ആകെ കടത്തില്‍ 1,76,000 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 24,039 കോടി കടമെടുത്തുകഴിഞ്ഞു. ഇനി കൂടുതല്‍ കടം വേണമെന്നതാണ് കേന്ദ്രധനമന്ത്രിക്കു നല്കിയ കത്തിലെ ആവശ്യം. ആളോഹരി കടത്തില്‍ ഇരട്ടിയിലധികം വര്‍ധനവും ഉണ്ടായി. സംസ്ഥാനത്തെ കൊച്ചുകുട്ടി ഉള്‍പ്പെടെ ഓരോരുത്തരം ഒരുലക്ഷത്തി അയ്യായിരം രൂപ വീതം കടക്കാരാണ്.
പൊതുകടവും ആളോഹരികടവും ഭീമമായി വര്‍ധിച്ചതിനൊപ്പം തനതുവരുമാനവും നികുതിയേതര വരുമാനവും കുറയുകയും ചെയ്തു. വിഭവ സമാഹരണത്തില്‍ ദയനീയമായി പരാജപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. നികുതിവരുമാനം കാര്യക്ഷമമായി പിരിച്ചെടുക്കുക എന്നത് സംസ്ഥാനത്തിന്റെ കടമയാണ്. നികുതിപിരിവിന് സംസ്ഥാനം ഒന്നും ചെയ്തില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം നികുതി ഇനത്തില്‍ പിരിക്കാന്‍ സാധിക്കാത്ത തുക 70,000 കോടിയിലധികമാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നത് പരാജയ സമ്മതമാണ്. ജിഎസ്ടിയിലൂടെ കേരളത്തിന്റെ നികുതി വരുമാനത്തില്‍ 30 ശതമാനം വരെ വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നപ്പോള്‍ അതിനൊപ്പം നടപ്പാക്കേണ്ട സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാത്തതുകൊണ്ടുള്ള തിരിച്ചടിയാണ് ഇപ്പോള്‍ കേരളം നേരിടുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തിന് ഒരു കുറവും വരുത്താത്തതും സാമ്പത്തിക സ്ഥിതി തകരുന്നതില്‍ പങ്കുവഹിച്ചു. കുടംബസമേതമുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് കോടികളാണ് ഖജനാവില്‍നിന്ന് പോയത്. മുഖ്യമന്ത്രി പിണറായിയും സഹമന്ത്രിമാരുമായി 84 തവണയാണ് വിദേശയാത്ര നടത്തിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ കാലിത്തൊഴുത്ത് പണിയാനും നീന്തല്‍കുളം നവീകരിക്കാനും എന്നുവേണ്ട ആനാവശ്യകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍പണം ചെലവിടുന്നതില്‍ പിശുക്ക് ഒട്ടുമുണ്ടായില്ല. അനാവശ്യ ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ ധനവകുപ്പ് നോക്കുകുത്തിയായി നിന്നു. എന്തിനും കേന്ദ്രത്തിന്റെ മുതുകത്തുകയറുന്ന ഡിഫി നേതാവിന്റെ നിലവാരത്തില്‍നിന്ന് ഉയരാന്‍ സംസ്ഥാന ധനമന്ത്രിക്ക് കഴിഞ്ഞില്ല, അതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: