തണ്ണിത്തോട് : ജനവാസ മേഖലയില്‍ പുലി ഇറങ്ങി വളര്‍ത്തുനായയെ ആക്രമിച്ചതോടെ ജാഗ്രതയിലാണ് തേക്കുതോട് പ്രദേശം. അധികൃതര്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടമ്മ പുലിയെ നേരിട്ടുകണ്ടു. വിവരമറിഞ്ഞ് രാവിലെ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണ് നായയെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.
നിരീക്ഷണ ക്യാമറ ഉടന്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തേക്കുതോട് മണിമരുതിക്കൂട്ടം കോടിയാട്ട് ഗൗരിയുടെ വളര്‍ത്തുനായയെ ആണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. രാവിലെ നായയെ കുളിപ്പിച്ചശേഷം വീടിന് സമീപം തുടലില്‍ കെട്ടിയിരിക്കുകയായിരുന്നു. രാത്രി പത്തോടെ നായ ശബ്ദമുണ്ടാക്കുന്നതു കേട്ടാണ് ഗൗരി വീടിന് പുറത്തിറങ്ങിയത്.കെട്ടിയിരുന്ന സ്ഥലത്ത് നോക്കുമ്പോള്‍ അവിടെനിന്ന് മാറി തുടല് വലിച്ച് നായയെ കൊണ്ടുപോകാന്‍ ശ്രമിച്ചതായി കണ്ടു. നായയുടെ കഴുത്തിലെ മുറിവില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഈസമയം സമീപത്ത് എന്തോ ശബ്ദം കേട്ട് ടോര്‍ച്ച് തെളിച്ചു നോക്കുമ്പോള്‍ കോലിഞ്ചിയുടെ മറവില്‍ പുലി പതുങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
പുലിയുടെ കണ്ണുകളിലേക്ക് ടോര്‍ച്ച് തെളിച്ചുകൊണ്ടുതന്നെ നായയെ തുടലില്‍നിന്ന് അഴിച്ച് വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് സമീപഭാഗങ്ങളില്‍ താമസിക്കുന്ന മക്കളെ വിളിച്ചു. അവരെത്തുമ്പോഴേക്കും പുലി കാടുകയറിയിരുന്നു. ഇന്നലെ രാവിലെ നായ ചത്തു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ വീട്ടില്‍ ഗൗരി ഒറ്റയ്ക്കാണ് താമസം. അടുത്തിടെ ഗൗരിയുടെ മക്കളുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്ക്കളെ കാണാതായിരുന്നു. പുലിയാകാം നായ്ക്കളെ കൊണ്ടുപോയതെന്നാണ് സംശയം.
സമീപപ്രദേശമായ തോപ്പില്‍പടി റോഡില്‍ 2 ആഴ്ചമുന്പ് കടുവയുടേതെന്നു കരുതുന്ന കാല്പാട് കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: