കല്‍പ്പറ്റ : മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതി റോജി അഗസ്റ്റിന് മരം മുറിക്കാനായി അനുമതിയുണ്ടെന്ന് പറഞ്ഞാണ് തങ്ങളെ സമീപിച്ചതെന്ന് വെളിപ്പെടുത്തല്‍. മരം മുറിക്കുന്നതിനായി ആരും എവിടേയും അപേക്ഷ നല്‍കിയിരുന്നില്ല. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും വാഴവറ്റ കോളനിയിലെ ആദിവാസി കര്‍ഷകര്‍ അറിയിച്ചു.
‘മരംമുറിക്കാന്‍ സ്വമേധയാ തങ്ങള്‍ അപേക്ഷ നല്‍കിയിരുന്നില്ല. പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി അറിയിക്കുകയായിരുന്നു. പേപ്പറുകള്‍ ശരിയാക്കാന്‍ കൂടുതല്‍ പണം വേണം. അതിനാല്‍ മരത്തിന് കുറഞ്ഞ വിലയേ നല്‍കൂവെന്നും ഭൂവുടമകള്‍ പറഞ്ഞു. അപേക്ഷയില്‍ കാണിച്ചിട്ടുള്ള ഒപ്പുകള്‍ തങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്.
മരംമുറിക്കാനായി ആദ്യം എത്തിയത് ഇടനിലക്കാരാണ്. പിന്നീട് റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിക്കുകയായിരുന്നു. കാളനിയില്‍നിന്ന് വേറെയും മരങ്ങള്‍ മുറിക്കുന്നുണ്ട്്. നിങ്ങളുടെ മരം കൊടുക്കുന്നോ. വില്ലേജ് ഓഫീസില്‍നിന്ന് അനുമതി കിട്ടിയതാണെന്നാണ് റോജി അറിയിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തിന് അനുമതിപത്രത്തിനും മറ്റും ചെലവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വിലയ്ക്ക് വാങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ളതും 15 അടിയില്‍ അധികം നീളമുള്ള മരത്തിനും 35000 രൂപ മാത്രം നല്കി ഇവര്‍ മുറിച്ചുകൊണ്ടു പോവുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ഒരു അപേക്ഷയിലും ഒപ്പിട്ടിട്ടില്ലെന്ന് ഭൂവുടമകളായ കര്‍ഷകര്‍ അറിയിച്ചു.
മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിന് ഏഴു കര്‍ഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത്. എല്ലാം റോജി തന്നെ എഴുതി ഒപ്പിട്ടവയാണെന്നാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്നും ഈ വ്യാജ അപേക്ഷകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: