ഐസ്വാള്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് മിസോറാമിലും ആശങ്ക. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചരണങ്ങളെക്കുറിച്ച് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിയിട്ടും മിസോറാമില്‍ നിന്ന് മെയ്‌തേയ് സമൂഹം പലായനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.
മണിപ്പൂരില്‍ സംഭവിച്ചതിന്റെ പ്രത്യാക്രമണം തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുമെന്ന പേടിയാണ് മിസോറാമില്‍ കഴിയുന്ന ചെറിയ സമൂഹമായ മെയ്‌തേയ്കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. നിരവധി പേര്‍ ശനിയാഴ്ച രാത്രി തന്നെ സംസ്ഥാനം വിട്ടു.
മിസോ ജന സമൂഹം കുക്കികളുമായി ഗോത്രബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നും അവര്‍ മണിപ്പൂരിലെ വിഷയത്തില്‍ അക്രമാസക്തരായേക്കുമെന്നുമുള്ള പ്രചരണമാണ് പലായനത്തിലേക്ക് നയിക്കുന്നത്.
മിസോ നാഷണല്‍ ഫ്രണ്ട് തീവ്രവാദികളുടെ സംഘടനയായ പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണീസ് അസോസിയേഷന്‍ (പമ്ര) മിസോറാമിലെ മെയ്‌തേയ്കളോട് നാട് വിടണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയതിന് ശേഷമാണ് പ്രശ്നം രൂക്ഷമായത്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെ രണ്ടായിരത്തോളം മെയ്‌തേയ്കള്‍ താമസിക്കുന്നുണ്ട്. അതേസമയം ഭയക്കേണ്ടതില്ലെന്ന് പോലീസ് ഉറപ്പ് നല്കിയിട്ടുണ്ട്. പ്രസ്താവനകളിലും ഊഹാപോഹങ്ങളും കുടുങ്ങരുതെന്നും എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും മിസോറം ഹോം കമ്മിഷണര്‍ എച്ച്. ലാലെങ്മാവിയ പറഞ്ഞു. ഓള്‍ മിസോറം മണിപ്പൂരി അസോസിയേഷന്‍ പ്രതിനിധികളുമായി ഹോം കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: