ആലപ്പുഴ: ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കാളാത്ത്, ജില്ല കോടതി വാര്‍ഡുകളില്‍ ചെള്ള് പനി (സ്ക്രബ് ടൈഫസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളില്‍ നിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.
വിറയലോട് കൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ചെള്ള് പനി പ്രതിരോധിക്കുന്നതിനായി എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. എലി മാളങ്ങള്‍ നശിപ്പിക്കണം. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം. ആഹാര അവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം. മൈറ്റ്കളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ലേപനങ്ങള്‍ (മൈറ്റ് റിപ്പലന്റുകള്‍) ശരീരത്ത് പുരട്ടുക. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍, വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക.
കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: