ചെങ്ങന്നൂര്‍: പരിശോധനകളെയെല്ലാം മറികടന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ ഭക്ഷ്യ എണ്ണയൊഴുകുന്നു. ഓണം മുന്നില്‍ കണ്ട് വന്‍കിട കച്ചവടക്കാരുടെ ഗോഡൗണുകളിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ ഭക്ഷ്യഎണ്ണ സംഭരിക്കുന്നത്. ലിറ്ററിന് 85 രൂപയുള്ള കൃത്രിമ എണ്ണ കൊണ്ടുവന്ന് വെളിച്ചെണ്ണയില്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത്.
കൃത്രിമഎണ്ണയില് 20 ശതമാനം മാത്രം വെളിച്ചെണ്ണ ഉള്‍പ്പെടുത്തി വില്‍ക്കുന്നതാകട്ടെ ലിറ്ററിന് 120 രൂപ മുതല്ക്കാണ്. പരിശോധനയില്‍ പോലും കണ്ടെത്താനാകാത്ത വിധത്തിലാണ് മായം കലര്‍ത്തുന്നതെന്നാണ് സൂചന. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത വ്യാജ എണ്ണയിലേക്ക് കൊപ്ര ചിപ്സ് ചേര്‍ത്ത് ഇളക്കുകയോ 20 ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രെ.
ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താന്‍ പ്രയാസമായിരിക്കും. എണ്ണക്കടികള്‍ വില്‍ക്കുന്ന കടകളിലും പലഹാരശാലകളിലുമാണ് വ്യാജഎണ്ണ വന്‍തോതില്‍ വിറ്റഴിക്കുന്നത്. ആട്ടിയെടുക്കുന്ന നല്ല വെളിച്ചെണ്ണ ലിറ്ററിന് 200 രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ വ്യാജ എണ്ണയ്ക്ക് 85 രൂപയാണ് മുതല്‍മുടക്ക്. വെളിച്ചെണ്ണയെന്ന പേരില്‍ പായ്ക്ക് ചെയ്ത് വിവിധ ബ്രാന്റുകളില്‍ വിപണിയിലിറക്കിയാല്‍ ലിറ്ററിന് കിട്ടുന്ന ലാഭം 40 മുതല്‍ 80 വരെ രൂപയാണ്. കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റ പരിശോധന ഇല്ലാത്തതാണ് വ്യാജ എണ്ണ വ്യാപിക്കാന്‍ കാരണമെന്നാണ് ആരോപണം. ഇത് കാരണം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം പോലും വകുപ്പുതലത്തില്‍ നടത്തിയിട്ടില്ല. വെളിച്ചെണ്ണയ്ക്ക് പുറമെ നല്ലെണ്ണയിലും സൂര്യകാന്തി എണ്ണയിലും വ്യാജഎണ്ണ ചേര്‍ത്തുള്ള തട്ടിപ്പ് വ്യാപകമാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: